കൊച്ചി : കൊവിഡ് വൈറസ് വ്യാപനം ചൂണ്ടിക്കാട്ടി വിശ്വാസികൾ പ്രതിഷേധിച്ചതിനെ തുടർന്ന് എറണാകുളത്ത് രണ്ട് പള്ളികൾ തുറക്കുന്നത് നീട്ടിവെച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള രണ്ട് പള്ളികളാണ് വിശ്വാസികളുടെ വികാരം മാനിച്ച് തുറക്കുന്നത് നീട്ടിവെച്ചത്. മറ്റൂർ സെൻ്റ ആൻ്റണീസ് പള്ളിയും, കടവന്ത്ര സെൻ്റ ജോസഫ് പള്ളിയുമാണ് തുറക്കുന്നത് നീട്ടിവെച്ചിരിക്കുന്നത്.
കേന്ദ്രസർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ആരാധനാലയങ്ങൾ മെയ് എട്ടിന് ശൂചീകരിച്ച് മെയ് ഒൻപത് മുതൽ വിശ്വാസികൾക്കായി തുറന്നു കൊടുക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സാമൂഹിക അകലം പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ വിവിധ മതസ്ഥാപനങ്ങൾ തയ്യാറെടുക്കുന്നതിനിടെയാണ് വിശ്വാസികൾ തന്നെ എതിർപ്പ് അറിയിച്ചു രംഗത്ത് വരുന്നത്.
അങ്കമാലി അതിരൂപതയ്ക്ക് പിന്നാലെ ലത്തീൻ അതിരൂപതയും ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ നിലപാട് മാറ്റിയിട്ടുണ്ട്. വിശ്വാസികളുടെ ആശങ്കയും എതിർപ്പും പരിഗണിച്ച് ദേവാലയങ്ങൾ തുറക്കുന്ന കാര്യം അതാത് ഇടങ്ങളിലെ വികാരിമാർക്ക് തീരുമാനിക്കാമെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് കളത്തിപ്പറമ്പിൽ അറിയിച്ചു. അതേസമയം ദേവലായങ്ങൾ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തിരുവനന്തപുരം ലത്തീൻ അതിരൂപത പുറത്തു വിട്ടു. സാമൂഹിക അകലം പാലിച്ചു മാത്രമേ വിശ്വാസികളെ ദേവാലയത്തിൽ പ്രവേശിപ്പിക്കാവു എന്ന് ലത്തീൻ സഭ വികാരികളെ അറിയിച്ചു.
കൊവിഡ് കാലത്ത് പള്ളി തുറക്കണമെന്ന് നിർബന്ധമില്ലെന്ന് യാക്കോബായ സഭയും വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കില്‍ പള്ളികൾ അടച്ചിട്ടേക്കാൻ സഭ പള്ളി വികാരികൾക്ക് നിർദേശം നൽകി. പള്ളികൾ തുറക്കുന്നെങ്കിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. അക്കാര്യം ഇടവകകൾ ഉറപ്പു വരുത്തണം. ഇക്കാര്യം വ്യക്തമാക്കി സഭാ നേതൃത്വം ഇടവകൾക്ക് നിർദ്ദേശം നൽകിയതായി മെത്രാപ്പൊലീത്തൻ ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.
അങ്കമാലി നഗരസഭാ അതിർത്തിക്കുള്ളിലും കാലടി പഞ്ചായത്തിലും ഇടവകയുടെ പരിസരപ്രദേശങ്ങളിലും കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലും രോഗത്തിന്റെ സമൂഹവ്യാപന ഭീഷണി നിലനിൽക്കുന്നതിനാലും മറ്റൂർ സെന്റ് ആന്റണീസ് പള്ളി തുറക്കുന്നത് തത്കാലം നീട്ടിവയ്ക്കുകയാണെന്ന് ഫാദർ ആൻ്റണി പൂതവേലിൽ അറിയിച്ചു. കൊവിഡ് വ്യാപനസാധ്യത നിലനിൽക്കുന്നതിനാൽ കടവന്ത്ര പള്ളി തത്കാലം തുറക്കില്ലെന്ന് ഫാദർ ബെന്നി മാരാംപറമ്പിലും അറിയിച്ചു.