അടൂര്‍ : ഇരുപതു വര്‍ഷം തികഞ്ഞ അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ വാർഷികാഘോഷം മെയ് 24 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. ലൈഫ് ലൈനിന്റെ പുതിയ വെബ്സൈറ്റിന്റെ പ്രകാശനം ആന്റോ ആന്റണി എംപി നിർവഹിക്കും. ഇരുപതു വർഷമായി ലൈഫ് ലൈനിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരെയും സ്റ്റാഫ് അംഗങ്ങളെയും യോഗത്തിൽവെച്ചു ആദരിക്കും. ‘ലൈഫ് ലൈൻ’ കമ്മ്യൂണിക്കേ എന്ന പേരിലുള്ള ന്യൂസ് ലെറ്ററും ആശുപത്രിയെപ്പറ്റിയിട്ടുള്ള കോർപ്പറേറ്റ് വീഡിയോയും പ്രകാശനം ചെയ്യും. ലൈഫ് ലൈൻ ക്യാന്റീനു ലഭിച്ച ഫുഡ് സേഫ്റ്റി അഥോറിറ്റിയുടെ 5 സ്റ്റാർ സർട്ടിഫിക്കറ്റ് മന്ത്രി നൽകും. അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ ദിവ്യ രജി മുഹമ്മദ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അനിതകുമാരി എൽ, പഴകുളം മധു, കെ പി ഉദയഭാനു, എ പി ജയൻ, വി എ സൂരജ് തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തും.
പ്രിവിലേജ് കാർഡും സൗജന്യ മെഡിക്കൽ ചെക്കപ്പും
ലൈഫ് ലൈൻ ആശുപത്രിയുടെ ഇരുപതാം വാർഷികം പ്രമാണിച്ചു പ്രാദേശിക താമസക്കാര്‍, ആരോഗ്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, ഓട്ടോ ടാക്സി ആംബുലൻസ് ഡ്രൈവർമാർ തുടങ്ങിയവർക്ക് പ്രിവിലേജ് കാർഡ് ഏർപ്പെടുത്തുന്നു. ഔട്ട് പേഷ്യന്റ് കൺസൾട്ടേഷനും പ്രസവം, ജനറൽ സർജറി, ഓപ്പൺ സർജറി, താക്കോൽദ്വാര ശസ്ത്രക്രിയ, അമിതവണ്ണത്തിനുള്ള ബാരിയാട്രിക് സർജറി, കാർഡിയോളജി, ന്യൂറോളജി, ന്യൂറോസർജറി, ഗ്യാസ്ട്രോഎന്ററോളജി, യൂറോളജി, അസ്ഥിരോഗം തുടങ്ങിയ വിഭാഗങ്ങളിലെ ചികിത്സക്കും, ആക്സിഡന്റ് കേസുകൾക്കും, മുറി വാടകക്കും, ലാബറട്ടറി പരിശോധനകൾക്കും, എക്സ് റേ, ഈ സി ജി എന്നിവക്കും (മരുന്നിനും സ്കാനിങ്ങിനും ഒഴികെ) 20 ശതമാനം ഇളവ് പ്രിവിലേജ് കാർഡ് ഉള്ളവർക്ക് ലഭിക്കും. മെയ് 24 നു നടക്കുന്ന ഇരുപതാം വാർഷിക പരിപാടിയിൽ പങ്കെടുക്കുന്ന ആദ്യത്തെ 500 പേർക്ക് ‘ലൈഫ് ലൈൻ ഫ്രണ്ട്സ് പാക്കേജ്’ അനുസരിച്ചുള്ള സൗജന്യ മെഡിക്കൽ ചെക്കപ്പ് നടത്തുന്നതിനുള്ള കൂപ്പൺ നൽകുന്നതായിരിക്കും.
ലൈഫ് ലൈൻ ആശുപത്രിയെപ്പറ്റി
പ്രശസ്ത ഗൈനക്കോളജിസ്റ്റും വന്ധ്യതാചികിത്സാ വിദഗ്ധനുമായ ഡോ. എസ്. പാപ്പച്ചൻ 2005 ഏപ്രിൽ മാസം ആരംഭിച്ച അടൂർ ലൈഫ് ലൈൻ ആശുപത്രി ഇരുപതു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മൂന്ന് വകുപ്പുകളും 25 കിടക്കകളുമുള്ള ഒരു ചെറിയ ആശുപത്രിയായി ആരംഭിച്ച ലൈഫ് ലൈൻ ഇന്ന് മധ്യതിരുവിതാംകൂറിലെ ഏറ്റവും വിശ്വസനീയമായ മൾട്ടി-സ്പെഷ്യാലിറ്റി സ്ഥാപനങ്ങളിൽ ഒന്നായി ആയിരക്കണക്കിന് ആളുകൾക്ക് രോഗശാന്തിയുടെ ഒരു ദീപസ്തംഭമായി തീർന്നിട്ടുണ്ട്.
ഇപ്പോൾ ലൈഫ് ലൈൻ ഹോസ്പിറ്റലിൽ 30 സ്പെഷ്യലൈസ്ഡ് വകുപ്പുകളും 300 കിടക്കകളും 140-ൽപരം ഉയർന്ന വൈദഗ്ധ്യമുള്ള ഡോക്ടർമാരുടെ സമർപ്പിത സംഘവുമുണ്ട്. ഗൈനെക്കോളജിയിൽ FNB, DNB, DGO, എന്നിവക്ക് പുറമേ പീഡിയാട്രിക്സിൽ DNB , DCH , അനസ്തേഷ്യായിൽ DA എന്നീ ബിരുദാനന്തര കോഴ്സുകളിലായി 50- ഓളം ഡോക്ടർമാരും ലൈഫ് ലൈനിൽ പ്രവർത്തിക്കുന്നു. വന്ധ്യതാചികിത്സ, പ്രസവചികിത്സ, പീഡിയാട്രിക്സ്, എന്നിവ മുതൽ രോഗികളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കാർഡിയോളജി, ന്യൂറോളജി, ന്യൂറോസർജറി, ഗ്യാസ്ട്രോ എൻട്രോളജി, നെഫ്രോളജി, ബാരിയാട്രിക് സർജറി തുടങ്ങി അത്യാധുനിക സ്പെഷ്യാലിറ്റികൾ വരെ ലൈഫ് ലൈനിൽ ഉണ്ട്. അറുപത് കിടക്കകളുള്ള അത്യാധുനിക സൗകര്യത്തോടുകൂടിയ ലെവൽ 3 അഡ്വാൻസ്ഡ് നിയോനേറ്റൽ ഇന്റെൻസീവ് കെയർ യൂണിറ്റ് മധ്യതിരുവിതാംകൂർ മേഖലയിലെ ഏറ്റവും മികച്ച ഒന്നാണ്.
3 ടെസ്ല എംആർഐ, 128-സ്ലൈസ് സിടി സ്കാനർ, രണ്ട് കാത്ത് ലാബുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ എക്സ്-റേ സിസ്റ്റങ്ങൾ (ഫിക്സഡ്, മൊബൈൽ), 25-ലധികം അൾട്രാസൗണ്ട് മെഷീനുകൾ തുടങ്ങിയ ലൈഫ് ലൈനിൽ ഉള്ള അത്യാധുനിക ഡയഗ്നോസ്റ്റിക് ചികിത്സാ ഉപകരണങ്ങൾ രോഗങ്ങൾ പെട്ടെന്നുതന്നെ കണ്ടുപിടിക്കാനും യഥാസമയം ചികിത്സ നൽകാനും സഹായിക്കുന്നു. കേരളത്തിനും മറ്റു സംസ്ഥാനങ്ങൾക്കും പുറമെ, മാലിദ്വീപ്, ശ്രീലങ്ക, ബംഗ്ലാദേശ്, യുകെ, അയർലൻഡ്, യുഎസ്എ, ഓസ്ട്രേലിയ, ജോർദാൻ, സൗദി അറേബ്യ, നൈജീരിയ, ഒമാൻ, ദുബായ്, ഖത്തർ, ബഹ്റൈൻ, തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ലൈഫ് ലൈനിൽ ചികിത്സക്കായി എത്തുന്നുണ്ട്.