കൽപ്പറ്റ: വയനാട്ടില്‍ ആദിവാസി യുവാവ് മാനു കാട്ടാന ആക്രമണത്തില്‍ മരിച്ച് രണ്ട് മാസമായിട്ടും കുടുംബത്തിന് സർക്കാർ സഹായധനം കൈമാറിയില്ല. മാനു കാട്ടാന ആക്രമണത്തില്‍ മരിച്ചതോടെ ഇവിടെ ഭാര്യ ചന്ദ്രികയും പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളും മാത്രമായി. വയനാട് വന്യജീവിസങ്കേതത്തിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി 11ന് രാത്രി എട്ടോടെ ജോലികഴിഞ്ഞ് തറവാട് വീട്ടിലേക്ക് സാധനങ്ങളും വാങ്ങി വരുന്നവഴിയിലായിരുന്നു ആന ആക്രമിച്ചത്. നൂല്‍പ്പുഴ കാപ്പാട് വെച്ചാണ് കാട്ടാന ആക്രമിച്ചത്. തുടർച്ചയായ വന്യജീവി ആക്രമങ്ങള്‍ നേരിടുന്ന സ്ഥലത്ത് മാനുവിന്‍റെ മരണത്തിന് പിന്നാലെ പ്രതിഷേധം ഉയർന്നിരുന്നു.
സഹായധനം ഉടൻ കൈമാറാമെന്ന ഉറപ്പിലാണ് അന്ന് പ്രതിഷേധം അവസാനിപ്പിച്ചത്. ഒറ്റ പ്ലാസിക്ക് മേല്‍ക്കൂരയില്‍ വെറും മണ്‍തറയില്‍ കഴിയുകയാണ് ആദിവാസി കുടുംബം. ഒരു മഴയെ പോലും പ്രതിരോധിക്കാനാകാത്ത ഈ കൂരക്ക് കീഴില്‍ ഒരു സുരക്ഷിതത്വവും ഇല്ലാതെയാണ് ഇവർ കഴിയുന്നത്. തമിഴ്നാട് അതിര്‍ത്തിയില്‍ താമസിക്കുന്ന ഭാര്യക്കും കുട്ടികള്‍ക്കും മതിയായ രേഖകളില്ലെന്ന കാരണം ഉന്നയിച്ചാണ് സഹായം കൈമാറാത്തത്. ഒറ്റ പ്ലാസിക്ക് കൂരക്ക് കീഴില്‍ ജീവിതം തള്ളി നീക്കുന്ന കുടുംബം മാനു മരിച്ചതോടെ തികച്ചും നിസഹായരാണ്.