കോയമ്പത്തൂർ : രണ്ട് മാസത്തിന് ശേഷം മദ്യശാലകൾ തുറന്നത് പടക്കം പെട്ടിച്ച് ആഘോഷിച്ചിരിക്കുകയാണ് കോയമ്പത്തൂരിലെ ഒരുപറ്റം ആളുകൾ. കൊവിഡ് ലോക്ക്ഡൗൺ മൂലം ഏകദേശം രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് മദ്യശാലകൾ തുറന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായ പതിനൊന്ന് ജില്ലകളിൽ തമിഴ്നാട് സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. എന്നാൽ കുറഞ്ഞ രോഗബാധ ഉള്ളയിടങ്ങളിൽ നിയന്ത്രണങ്ങൾക്ക് ഇളവുകളും വരുത്തിയിരുന്നു. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ നാലായിരത്തിൽ താഴെ ആയതോടെയാണ് 11 ജില്ലകളിലും മദ്യശാലകൾ തുറക്കാം എന്ന തീരുമാനത്തിലെത്തിയത്.
മദ്യപാനികൾക്ക് ഇതൊരു സന്തോഷ വാർത്തയായിരുന്നു, തേങ്ങയുടച്ചും പടക്കം പൊട്ടിച്ചുമാണ് അവർ സന്തോഷം പങ്കിട്ടത്. മദ്യശാലകൾ തുറക്കാനുള്ള ഡി.എം.കെ സർക്കാറിന്റെ നീക്കത്തിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എ.ഐ.ഡി.എം.കെ സർക്കാർ ഭരിച്ച സമയത്ത് മഹാമാരിക്കിടെ മദ്യശാലകൾ തുറന്നതിനെ ഡി.എം.കെ എതിർത്തിരുന്ന സംഭവം പ്രതിപക്ഷ പാർട്ടി ഓർമിപ്പിച്ചു. സാമൂഹിക അകലം കൃത്യമായി പാലിച്ച ശേഷമാണ് മദ്യവിൽപന ശാലകൾ പ്രവർത്തിക്കുന്നതെന്നും മാസ്ക് ധരിക്കാത്തവർക്ക് മദ്യം നൽകുന്നില്ലെന്നും പറഞ്ഞാണ് സർക്കാർ വിമർശനങ്ങളെ നേരിട്ടത്.