റാന്നി: ജില്ലയിൽ തുടരുന്ന ലഹരിവസ്തുക്കൾക്കെതിരായ പോലീസ് നടപടിയിൽ ഇന്നലെ രണ്ടുപേരെ വില്പനക്കായി കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തു. റാന്നി മന്ദമരുതിയിൽ വെച്ച് എസ് എച്ച് ഒ ജിബു ജോണിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിവരവേ 6 ഗ്രാമോളം കഞ്ചാവുമായി എരുമേലി നേർച്ചപ്പാറ ഫാത്തിമ സദനം വീട്ടിൽ പോൾവിൻ ജോസഫ് (21) പിടിയിലായി. ഞായർ രാത്രി 8 മണിയോടെ മന്ദമരുതി റോഡിൽ സംശയകരമായ സാഹചര്യത്തിൽ കയ്യിൽ പ്ലാസ്റ്റിക് കവറുമായി കണ്ട ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതിനെ തുടർന്നാണ് വില്പനക്കായി കൈവശം വെച്ച കഞ്ചാവ് കണ്ടെത്തിയത്. കയ്യിലിരുന്ന പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പോലീസ് സംഘത്തിൽ എസ് ഐ കെ ജി കൃഷ്ണ കുമാർ, എസ് സി പി ഒ പ്രസാദ്, സി പി ഓമാരായ ജിനു, ഗോകുൽ കണ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്. യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു.
വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വലിയപതാൽ തോമ്പികണ്ടം വെള്ളിക്കര വീട്ടിൽ വി എസ് ബാബു (62 )വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായി. ഇയാളുടെ പക്കൽ നിന്നും വിൽപനക്കായി സൂക്ഷിച്ച 8 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഞായർ ഉച്ചയ്ക്ക് രണ്ടോടെ ചേത്തക്കൽ വലിയപതാൽ റോഡ് വക്കിൽ വിൽപനക്കായി കഞ്ചാവുപൊതിയുമായി നിൽക്കുമ്പോഴാണ് പിടികൂടിയത്. പോലീസ് ഇൻസ്‌പെക്ടർ, എം ആർ സുരേഷ്, എസ് ഐ വി പി സുഭാഷ്, എസ് സി പി ഒ മാരായ അനന്തകൃഷ്ണൻ, ജോൺസി, നെൽസൺ മാത്യു, ശ്യാം മോഹൻ, സി പി ഒ ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോലീസിനെക്കണ്ട് കഞ്ചാവ് സൂക്ഷിച്ച പൊതി സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് ഇയാൾ വലിച്ചെറിഞ്ഞു. തുടർന്ന് ഓടിപോകാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു പിടികൂടുകയായിരുന്നു. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.