ചാത്തന്നൂര്‍: വഴിയാത്രക്കാരെ വളര്‍ത്തു പട്ടി കടിച്ചതിനെ തുടര്‍ന്ന് യുവാക്കള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ രണ്ടു പേര്‍ക്ക് കത്തിക്കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട നാലു പേരെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മൈലക്കാട് ഞാണ്ടക്കുഴി ക്ഷേത്രത്തിന് സമീപം ചരിവിന് പുറത്ത് കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് സംഘട്ടനവും കത്തിക്കുത്തും നടന്നത്. വീട്ടില്‍ വളര്‍ത്തുന്ന പട്ടി വഴിയാത്രക്കാരനെ കടിച്ചതാണ് വഴക്കിനും സംഘട്ടനത്തിനും കാരണമായത്.
അരവിന്ദന് (24) ബന്ധുവായ മിഥുന് (22) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചരിവിന്പുറം സ്വദേശി നയിഫ് (24), വരിഞ്ഞം സ്വദേശി നൈസാം (21), ശീമാട്ടി ജംഗ്ഷന് സ്വദേശി അമീര്‍ (22), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെ ചാത്തന്നൂര്‍ സിഐ ജസ്റ്റിന് ജോണ്‍, എസ്ഐ എ.എസ് സരിന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കത്തിക്കുത്തേറ്റ അരവിന്ദന്റെ പട്ടിയാണ്പവഴിയാത്രക്കാരനും സമീപവാസിയുമായ നയിഫിനെ കടിച്ചത്. പട്ടിയുടെ ഉടമസ്ഥരും വഴിയാത്രക്കാരുമായി വഴക്കുണ്ടായി. ഇതിനുശേഷം പിരിഞ്ഞു പോയവര്‍ കൂട്ടുകാരെയും കൂട്ടിയെത്തി ഏറ്റുമുട്ടുകയായിരുന്നുവെന്ന് ചാത്തന്നൂര്‍ പോലീസ് പറഞ്ഞു.