തിരുവനന്തപുരം: ആക്ടീവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവുമായി രണ്ട് പേർ തിരുവനന്തപുരത്ത് പിടിയിൽ. തിരുവനന്തപുരം എക്സൈസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായത്. കരിമഠം സ്വദേശികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമായ മുഹമ്മദ് റാഫി, ജിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റാഫി വാടകയ്ക്ക് താമസിക്കുന്ന കല്ലാട്ട്മുക്കിലെ വീട്ടിൽ നിന്ന് സ്‌കൂട്ടറിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. കെഎൽ 1 ബിഎൽ 4179 എന്ന ഹോണ്ട ആക്ടീവ സ്കൂട്ടറിൽ നിന്ന് കഞ്ചാവ് ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. നഗരത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ചും കരിമഠം ഭാഗത്തും ലഹരി കച്ചവടം നടത്തുന്ന സംഘമാണ് ഇവരെന്ന് എക്സൈസ് വിശദമാക്കുന്നത്.
അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മറ്റൊരു സംഭവത്തിൽ വയനാട് റോഡില്‍ തൊട്ടിപ്പാലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. കുറ്റ്യാടി മരുതോങ്കര സ്വദേശി തടിയില്‍ നിസാം(22), ചെമ്പനോട സ്വദേശി മഠത്തില്‍ താഴെകുനി നജ്മല്‍ എന്നിവരാണ് തൊട്ടില്‍പ്പാലം പോലീസിന്റെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ ബൈക്കില്‍ പോകുകയായിരുന്ന സംഘത്തെ പട്രോളിംഗിനിടെ പോലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തു.