മാവിലായി : മാവിലായിക്കാവിലെ പ്രസിദ്ധമായ അടിയുത്സവത്തിനു സമാപനം. ശനിയാഴ്ച വൈകിട്ട് മൂന്നാം പാലം നിലാഞ്ചിറ വയലിൽ മൂത്ത കൂർവാടിലേയും ഇളയ കൂർവാടിലെയും കൈക്കോളൻമാർ തമ്മിൽ നടന്ന അടിയോടെയാണു ഉത്സവത്തിനു സമാപനമായത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംഘാടകർ ഉത്സവം സംഘടിപ്പിച്ചത്. ദൈവത്താറീശ്വരന്റെ നടപാഞ്ഞുകയറ്റത്തിനു ശേഷമാണ് കൈക്കോളൻമാർ തമ്മിൽ അടി നടന്നത്.
കോവിഡ് പശ്ചാത്തലത്തിൽ അടി കാണാൻ ഭക്തർ കുറവായിരുന്നു. കൈക്കോളൻമാർ തമ്മിൽ രണ്ട് റൗണ്ട് അടി നടന്നു. വ്യാഴാഴ്ച കച്ചേരിക്കാവിൽ നടന്ന അടിയുടെ പകരം വീട്ടൽ ആയിട്ടാണ് നിലാഞ്ചിറ വയലിലെ അടി. ഉത്തരമലബാറിലെ പ്രശസ്തമായ 4 ദൈവത്താർ ക്ഷേത്രങ്ങളിൽ ഒന്നാണ് മാവിലായിക്കാവ്. മാവിലായിക്കാവിലെ അടിക്കു പുറമേ അണ്ടല്ലൂർക്കാവിലെ മുടി, പടുവിലായിക്കാവിലെ പിടി, കാപ്പാട്ടുംകാവിലെ വെടി എന്നിവയും പ്രസിദ്ധമാണ്.