ബജറ്റ് കമ്മ്യൂട്ടർ ലൈനപ്പിന്റെ കാര്യത്തിൽ വളരെ വിജയകരമായ ഒരു മോഡൽ നിരയാണ് ഹീറോ മോട്ടോകോർപിനുള്ളത് എന്നിരുന്നാലും, ബ്രാൻഡിന്റെ കൂടുതൽ പ്രീമിയം മോട്ടോർസൈക്കിൾ മോഡലുകൾ ഇതേ വിൽപ്പന കണക്കുകൾ ആസ്വദിക്കുന്നില്ല എന്നതാണ് വാസ്തവം. ഇതിന് ഒരു മാറ്റം വരുത്താനായി തങ്ങളുടെ ഐക്കണിക്ക് കരിസ്മ ബ്രാൻഡ് വീണ്ടും അവതരിപ്പിച്ചുകൊണ്ട് ഹീറോ ഒരു ഭാഗ്യം പരീക്ഷണത്തിന് ഒരുങ്ങുകയാണ്. കരിസ്മ XMR 210 എന്ന പേരിലാണ് ഐതിഹാസിക മോഡൽ തിരികെ എത്തുന്നത്. ഇന്ത്യയിലെ മുൻനിര മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് അതിന്റെ മുൻനിര മോഡൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. 1,82,900 രൂപയാണ് പുതിയ കരിസ്മ XMR 210 -ന്റെ വില. നോർമൽ വില ഇതാണെങ്കിലും 1,72,900 രൂപ ആമുഖ വിലയ്ക്കാണ് മോട്ടോർസൈക്കിൾ ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്നത്.
പ്രീമിയം ഇന്ത്യൻ മെയിൻസ്ട്രീം ഫുൾ ഫെയർഡ് മോട്ടോർസൈക്കിളുകളുടെ കൂട്ടത്തിൽ ഇതൊരു പുതിയ കൂട്ടിച്ചേർക്കലാണ്. മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് ഇന്ന് തന്നെ ആരംഭിക്കും, ഡെലിവറികളും ഉടൻ തന്നെ ഉണ്ടാവും. ബോളിവുഡ് താരം ഹൃത്വിക് റോഷനാണ് പുതിയ കരിസ്മ XMR 210 സ്റ്റൈലിഷ് ആയി പ്രദർശിപ്പിച്ചത്. മുൻ മോഡലിന്റെത് പോലെ തന്നെ ഈ പതിപ്പിന്റെയും ബ്രാൻഡ് അംബാസഡറാണ് താരം എന്നതും ശ്രദ്ധേയമാണ്. ഐക്കോണിക് യെല്ലോ കൂടാതെ, ടർബോ റെഡ്, മാറ്റ് ഫാന്റം ബ്ലാക്ക് എന്നിങ്ങനെ മറ്റ് ആകർഷകമായ നിറങ്ങളും ഓഫറിലുണ്ട്. പുതിയ കരിസ്മ XMR 210 തികച്ചും വ്യത്യസ്‌തമായ ഒരു മോഡലാണ്. EBR (Erik Buell Racing) രൂപകല്പന ചെയ്ത 2014 -ലെ കരിസ്മ ഡ്യുവോസുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച ഡിസൈനും അപ്പീലും പുതിയ XMR 210 -ന് ലഭിക്കുന്നു. പുതിയ ഫെയറിംഗ് കരിസ്മയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയും അതിനെ ലെജൻഡ് പദവിയിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്യുന്നു. എക്കാലത്തെയും മികച്ച ലുക്കിലുള്ള കരിസ്മ ഇതാവാം. കരിസ്‌മ XMR -ന്റെ പുതിയ ഫെയറിംഗിന് മികച്ച ഫ്ലെയറും മസിലും ഉൾക്കൊള്ളുന്നു. സ്കൾപ്റ്റഡ് ഫ്യുവൽ ടാങ്ക്, ഷാർപ്പ് ലൈനുകൾ ക്രീസുകൾ എന്നിവ കരിസ്മ XMR 210 -ന് ഒരു ന്യൂ ഏയ്ജ് അപ്പീൽ നൽകുന്നു. സെഗ്‌മെന്റിൽ വാഹനത്തെ വേറിട്ടു നിർത്തുന്ന സൗന്ദര്യവും ഇതിനുണ്ട്.
പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽലൈറ്റുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ഡിആർഎൽ എന്നിവ ഒരുമിച്ചു ചേർന്ന് മോട്ടോർസൈക്കിളിന്റെ കോംപ്ലക്സ് ക്യാരക്ടർ കൂട്ടുന്നു. ORVM -കൾ ഇപ്പോൾ ബൈക്കിന്റെ ഫെയറിംഗിൽ ഘടിപ്പിച്ചിരിക്കുന്നു, അടുത്തിടെ അപ്‌ഡേറ്റ് ചെയ്‌ത എക്‌സ്‌ട്രീം 200S 4V-യിൽ ഹാൻഡിൽബാറിൽ ഘടിപ്പിച്ചിരിക്കുന്നതിനേക്കാൾ ആകർഷകമായി ഇവ കാണപ്പെടുന്നു. പിൻഭാഗം വളരെ ക്ലീനായി കാണപ്പെടുന്നു. ലോ-സെറ്റ് ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ ഒരു സ്പോർട്ടി സ്റ്റാൻസ് നൽകുന്നു. വിൻഡ്‌സ്‌ക്രീൻ മാന്യമായ വിൻഡ് പ്രൊട്ടക്ഷനും വാഗ്ദാനം ചെയ്യുന്നു. ഹീറോ മോട്ടോകോർപ്പ് ഇതുവരെയുള്ള തങ്ങളുടെ കമ്മ്യൂട്ടർ ബ്രാൻഡ് എന്ന പ്രതിച്ഛായ ഒഴിവാക്കി കൂടുതൽ അപ്പ്മാർക്കറ്റ് തലങ്ങളിലേക്ക് നീങ്ങുകയാണ്.