ഇപ്പോഴിതാ ജനങ്ങളിലേക്ക് കൂടുതൽ അടുക്കുന്നതിനായി ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ കൊമാകി തയ്യാറെടുക്കുന്നു. തങ്ങളുടെ LY ഇലക്ട്രിക് സ്‌കൂട്ടറിന് 18,968 രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഓഫർ വിലയോടെ ഇവി 78,000 എക്സ്ഷോറൂം വിലയിൽ വീട്ടിലെത്തിക്കാനാവും. യഥാർഥ വിലയായ 96,968 രൂപയിൽ നിന്നുമാണ് ആനുകൂല്യം ലഭിക്കുന്നത്. ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമാണ്. ഡിസ്‌കൗണ്ട് ഓഫർ ഏത് ദിവസം വരെ ലഭ്യമാക്കുമെന്ന കൃത്യമായ സമയപരിധി ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല. നഗര യാത്രയ്‌ക്ക് വേണ്ടിയുള്ള ഒരു ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറായാണ് കൊമാകി LY ഡിസൈൻ ചെയ്‌തിരിക്കുന്നത്. സിംഗിൾ, ഡ്യുവൽ ബാറ്ററി ഓപ്ഷനുകളിലും ഈ മോഡൽ ലഭ്യമാണ്. സിംഗിൾ ബാറ്ററി ഘടിപ്പിച്ച സ്‌കൂട്ടറിന് പൂർണ ചാർജിൽ 85 കിലോമീറ്റർ വരെ ഓടാൻ കഴിയും. അതേസമയം ഡ്യവൽ ബാറ്ററി മോഡലിന് സിംഗിൾ ചാർജിൽ 200 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കഴിയുമെന്നാണ് കൊമാകി പറയുന്നത്. നീക്കം ചെയ്യാവുന്ന ബാറ്ററികളാൽ പ്രവർത്തിക്കുന്ന ഈ സ്‌കൂട്ടർ നാല് മണിക്കൂറും 55 മിനിറ്റും കൊണ്ട് പൂർണമായി ചാർജ് ചെയ്യാം. സിംഗിൾ ബാറ്ററി മോഡലിന് ഏകദേശം 19,000 ഡിസ്‌കൗണ്ട് ലഭ്യമാണ്.
ഇനി ഫീച്ചറുകളിലേക്ക് നോക്കിയാൽ നാവിഗേഷൻ വിശദാംശങ്ങൾ കാണിക്കുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി ഒരു TFT സ്‌ക്രീൻ സജ്ജീകരിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലൂടെ പ്ലേ ചെയ്യാവുന്ന സൗണ്ട് സിസ്റ്റം ഓൺബോർഡിലുണ്ട്. ഹെഡ്‌ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ, ടെയിൽ ലൈറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാം എൽഇഡി യൂണിറ്റുകളാലാണ് സജ്ജീകരിച്ചിരിക്കുന്നത്. ചെറി റെഡ്, മെറ്റൽ ഗ്രേ, ജെറ്റ് ബ്ലാക്ക് എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന കളർ ഓപ്ഷനുകളിൽ കൊമാകി LY സ്വന്തമാക്കാനാവും.