തിരുവനന്തപുരം : പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ടുവയസുകാരി മകളെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി ഹസൻ മാസങ്ങൾക്ക് മുൻപും സമാന കുറ്റം ചെയ്‌തെന്ന് കണ്ടെത്തി. കൊല്ലം പോളയത്തോടിൽ വഴിയരികിൽ കിടന്നുറങ്ങിയ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിക്കവെ ഇയാൾ തട്ടിവീണു. തുടർന്ന് നാടോടികൾ ഹസനെ മർദ്ദിച്ചു. ഇതിനിടെ പോലീസ് സ്ഥലത്തെത്തിയെങ്കിലും നാടോടികൾ പരാതി നൽകാത്തതിനാൽ പ്രതി രക്ഷപ്പെട്ടു.ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.
കുട്ടിയെ ഉപേക്ഷിച്ച് കടന്ന ബ്രഹ്‌മോസിന് സമീപത്തടക്കം പ്രതിയെ തെളിവെടുപ്പിന് എത്തിച്ചേക്കും. പ്രതി ഹസൻകുട്ടിയ്‌ക്കെതിരെ പൊലീസ് പോക്‌സോ, വധശ്രമം അടക്കം വകുപ്പുകളും ചുമത്തി. പ്രതിയെ റിമാൻഡ് ചെയ്‌ത ശേഷവും കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകും. നിലവിൽ പ്രതി തട്ടിയെടുത്ത രണ്ട് വയസുകാരിയും സഹോദരങ്ങളും സിഡബ്ളുസിയിൽ സംരക്ഷണത്തിലാണ്. ഇവരെ മാതാപിതാക്കൾക്ക് വിട്ടുനൽകാനുള്ള നടപടിയും പോലീസ് സ്വീകരിക്കുമെന്നും അറിയിച്ചു.