ബെർലിൻ : യുദ്ധം രണ്ടുവർഷം പിന്നിട്ട പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലെല്ലാം ശനിയാഴ്ച യുക്രൈൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ബഹുജനറാലി നടന്നു. ബെർലിൻ, ലണ്ടൻ, പാരിസ് എന്നിവിടങ്ങളിൽനടന്ന റാലികളിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനെതിരേയുള്ള പ്ലക്കാർഡുകളേന്തി ആയിരങ്ങൾ അണിചേർന്നു.
യുക്രൈൻ ജനതയുടെ അസ്തിത്വമില്ലാതാക്കാനാണ് ക്രൂരമായ അധിനിവേശത്തിലൂടെ പുതിൻ ശ്രമിക്കുന്നതെന്നും അതിന് തങ്ങൾ അനുവദിക്കില്ലെന്നും ബെർലിൻ മേയർ കയ് വെഗ്നെർ പറഞ്ഞു. ആയുധങ്ങളില്ലാതെ റഷ്യക്കുമുന്നിൽ പതറുന്ന യുക്രൈന് ദീർഘദൂര ബാലിസ്റ്റിക് മിസൈലായ ടോറസ് നൽകാൻ ജർമൻ ഭരണകൂടത്തോടും മേയർ ആവശ്യപ്പെടുകയും ചെയ്തു.