പത്തനംതിട്ട : കൂടൽ പോലീസ് കൈകാണിച്ചുവെങ്കിലും നിർത്താതെ പാഞ്ഞ കാറിനെ പിന്തുടർന്നെത്തി പത്തനംതിട്ട വെട്ടിപ്രത്തുവെച്ച് കുറുകെയിട്ട് പിടികൂടുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. പത്തനംതിട്ട വലഞ്ചുഴി സ്വദേശികളായ രണ്ട് യുവാക്കളെ 6കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. കാറിൽ രഹസ്യമായി സൂക്ഷിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ്. വലഞ്ചുഴി കരുട്ടിമെർക്ക് വീട്ടിൽ പിച്ചക്കനി മകൻ ഹാഷിം (32), വലഞ്ചുഴി പള്ളിമുരുപ്പേൽ വീട്ടിൽ ഇസ്മായിൽ മകൻ അഫ്സൽ (27) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെതുടർന്ന് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. കമ്പത്തുനിന്നും കഞ്ചാവുമായി കാർ പുനലൂർ വഴി പത്തനംതിട്ടയ്ക്ക് വരുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കുടൽ പോലീസിന് നൽകിയ നിർദേശത്തെ തുടർന്ന് റോഡിൽ ജാഗ്രതയോടെ നിലയുറപ്പിച്ച എസ് ഐ ദിജേഷിന്റെ നേതൃത്വത്തിലുള്ള കൂടൽ പോലീസിന്റെ നൈറ്റ് പട്രോളിംഗ് സംഘം കൈകാണിച്ചുവെങ്കിലും നിർത്താതെ പാഞ്ഞ കാറിനെ പിന്തുടർന്നെത്തി സഹസികമായി പിടികൂടുകയായിരുന്നു.
കൂടൽ പോലീസ് പത്തനംതിട്ട പോലീസ് കണ്ട്രോൾ റൂമിലേക്ക് വിവരം കൈമാറിയതിനെ തുടർന്ന് പത്തനംതിട്ട എസ് ഐ രതീഷ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്ത് എത്തി. വീട്ടിപ്രത്തു മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ കൂടൽ പോലീസ് വാഹനം ഓവർടേക്ക് ചെയ്ത് മുന്നിൽ കയറി. കാർ പോലീസ് ജീപ്പിൽ ഇടിച്ച് നിന്നതിനെ തുടർന്ന് പിൻവശത്തെ ചില്ല് തകർന്നു. കാറിന്റെ മുൻഭാഗത്ത് ഭാഗികമായി കെടുപാട് സംഭവിക്കുകയും ചെയ്തു.
ജില്ലാ പോലീസ് ആന്റി നർകോട്ടിക് സ്പെഷ്യൽ ഫോഴ്സ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരും കൂടി ചേർന്ന് രണ്ട് പ്രതികളെ കയ്യോടെ പിടികൂടി. കാറിൽ നിന്നും രണ്ട് പേർ ഓടി രക്ഷപെട്ടു. തുടർന്ന് പത്തനംതിട്ട ഡി വൈ എസ് പി കെ രാജീവിന്റെ നിർദേശ പ്രകാരം പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ബാക്കി പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇത്തരം സംഘങ്ങൾക്ക് എതിരെ ഡാൻസാഫ് ടീം മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് കർശന പരിശോധനയിലൂടെയും മറ്റും ശക്തമായ നിയമനടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാരാജൻ ഐ പി എസ് അറിയിച്ചു.