തൃശൂർ: അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കളെ കുന്നംകുളം പോലീസ് പിടികൂടി. കാട്ടകമ്പാലിൽ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. മലപ്പുറം വട്ടംകുളം ശുഖപുരം സ്വദേശികളായ ശിവദാസ് (29), അഭിഷേക് (23) എന്നിവരെയാണ് കുന്നംകുളം സബ് ഇൻസ്പെക്ടർ ഡി. വൈശാഖിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഘത്തിലെ ഒരാളായ മണാലി റാഷിദ് ഓടി രക്ഷപ്പെട്ടു. കട്ടകമ്പാൽ പൂരത്തിന്‍റെ ഭാഗമായി വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി പ്രതികൾ സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെയാണ് പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പരിശോധന നടത്തിയതിൽ ഒരാളുടെ പോക്കറ്റിൽ നിന്ന് 3.20 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. തുടർന്ന് ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വിമൽ കുമാറിന്‍റെ സാന്നിധ്യത്തിൽ പ്രതികളെ ദേഹ പരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സിവിൽ പോലീസ് ഓഫീസർമാരായ ബിജു ജ്യോതിഷ്, അൻഷാദ്, ശ്യാം, രവികുമാർ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.