തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കായംകുളം എം.എല്‍.എ യു.പ്രതിഭ. ഓഫിസ് പൂട്ടി എം.എല്‍.എ വീട്ടിലിരിക്കുകയാണെന്നാണ് ഡി.വൈ.എഫ്.ഐ നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്നത്.
താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വര്‍ക്ക് ഫ്രം ഹോം രീതിയാണ് നടപ്പാക്കുന്നത്. തന്റെ മണ്ഡലത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ല. കമ്മ്യൂണിറ്റി കിച്ചണ്‍ അടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി ഏകോപിപ്പിക്കുന്നു. വൈറസുകളെക്കാള്‍ വിഷമുള്ള ചില മനുഷ്യ വൈറസുകള്‍ സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ടെന്നും അതിനെയെല്ലാം പുച്ഛത്തോടെ തള്ളിക്കളയുകയാണെന്നും എം.എല്‍.എ വ്യക്തമാക്കി.
സംഭവത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെടുകയും ഡി.വൈ.എഫ്.ഐ നേതാക്കളോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. എം.എല്‍.എയുമായി ഫോണില്‍ ബന്ധപ്പെടുവാന്‍ സാധിക്കുന്നില്ല, സോഷ്യല്‍ മീഡിയ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. എന്നാല്‍ ഇതിന് പരിമിതികള്‍ ഉണ്ട്. എംഎല്‍ എ ഓഫീസ് പൂട്ടി ഇട്ടിരിക്കുകയാണ്. കൂടാതെ സോഷ്യല്‍മീഡിയ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്നാണ് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടത്. ഏതായാലും ഇതിനു പിന്നാലെ എം.എല്‍.എ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.