ദുബായ് : ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അടുത്തമാസം ആറു വരെ നീട്ടി. ഈ മാസം 30 വരെ ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി നീട്ടിയതായി എയർ ഇന്ത്യ എക്സ് പ്രസ് അറിയിച്ചു. യുഎഇ താമസ വീസക്കാരായ പ്രവാസി മലയാളികളടക്കം ഒട്ടേറെപ്പേരാണ് പ്രവേശന വിലക്കു കാരണം നാട്ടിൽ കുടുങ്ങിയിട്ടുള്ളത്.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേർപ്പെടുത്തിയത്. ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയിൽ താമസിച്ചവർക്കും യുഎഇയിലേക്ക് ജൂലൈ ആറുവരെ പ്രവേശിക്കാനാകില്ല. ഈ മാസം മുപ്പതോടെ വിലക്ക് ഒഴിവാക്കുമെന്ന സൂചനകൾക്കിടെയാണ് വിലക്ക് നീട്ടിയതായി യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി വിമാന കമ്പനികളെ അറിയിച്ചത്.
യുഎഇ താമസവീസയുള്ള പ്രവാസി മലയാളികളടക്കം ആയിരക്കണക്കിന് പേർക്ക് തിരിച്ചടിയാണ് തീരുമാനം. ഇവരുടെ മടക്കം ഇനിയും നീളും. ജൂലായ് ആദ്യ വാരത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സികളെ ബന്ധപ്പെട്ട് യാത്ര പുനക്രമീകരിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ് പ്രസ് അറിയിച്ചു. നിലവിൽ യുഎഇ വിലക്കേർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ചശേഷം യുഎഇയിലേക്ക് പോകാമെന്നതാണ് ഏകസാധ്യത. ഇതിനാകട്ടെ ചെലവുകൂടുതലാണ്.
വാക്സീൻ സ്വീകരിച്ചവർക്കെങ്കിലും യാത്ര ചെയ്യാനുള്ള അനുമതിക്കായി കേന്ദ്രസർക്കാർ ഇടപെടണമെന്നാണ് പ്രവാസികളുടെ അഭ്യർഥന. യുഎഇക്ക് പുറമേ ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുകയാണ്. ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലേക്ക് താമസ വീസക്കാർക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.