ദുബായ്: പ്രതിമാസം 30,000 ദിര്‍ഹത്തില്‍ കുറയാത്ത ശമ്പളമുള്ള പ്രൊഫഷനലുകള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നതെങ്കിലും ഇതൊന്നുമില്ലാതെയും ഈ വിസ നേടാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. സ്പോണ്‍സറുടെ ആവശ്യമില്ലാതെ വിദേശികള്‍ക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുന്ന 5-10 വര്‍ഷത്തെ റെസിഡന്‍സ് പെര്‍മിറ്റാണ് ഗോള്‍ഡന്‍ വിസ. നിബന്ധനകള്‍ പാലിച്ചവര്‍ക്ക് വിസ കാലഹരണപ്പെടുമ്പോള്‍ 10 വര്‍ഷത്തേക്ക് കൂടി പുതുക്കാവുന്നതാണ്. കുടുംബാംഗങ്ങളെ സ്പോണ്‍സര്‍ ചെയ്യല്‍, ആറ് മാസത്തിലധികം യുഎഇക്ക് പുറത്ത് താമസിക്കാനുള്ള സൗകര്യം, ഗാര്‍ഹിക ജോലിക്കാരെ നിയമിക്കുന്നതിനുള്ള ഇളവ് എന്നിവ ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ ഈ വിസ ലഭിക്കുന്നവര്‍ക്ക് ലഭിക്കും. 2019 ലാണ് ഗോള്‍ഡന്‍ വിസ പദ്ധതി ആരംഭിച്ചത്. ഇതിനകം ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കിയിട്ടുണ്ട്. യുഎഇയില്‍ പ്രോപര്‍ട്ടി ഉള്ളവര്‍ക്ക് ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്. ഒന്നോ അതിലധികമോ പ്രോപര്‍ട്ടികളുടെ മൊത്തം മൂല്യം 20 ലക്ഷം ദിര്‍ഹമോ അതിനുമുകളിലോ ആയിരിക്കണം. വസ്തുവിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്നതിന് അധികാരികളില്‍ നിന്നുള്ള രേഖ ഹാജരാക്കണം.
മികച്ച പ്രോജക്റ്റ് നേടിയ സംരംഭകര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം. എന്നാല്‍ ഇവ നൂതനവും റിസ്‌ക് ഏറ്റെടുക്കുന്നതും സാങ്കേതിക മേന്മയുള്ളതും ഭാവിസാധ്യതകളുള്ളതുമായിരിക്കണം. സംരംഭത്തിന്റെ ചുരുങ്ങിയ മൂലധന നിക്ഷേപം അഞ്ചു ലക്ഷം ദിര്‍ഹത്തില്‍ കുറയരുത്. യുഎഇയില്‍ നിന്നുള്ള ഒരു അംഗീകൃത ഓഡിറ്ററുടെ സാക്ഷ്യപത്രവും ഹാജരാക്കണം. യുഎഇയില്‍ നിര്‍ദ്ദിഷ്ട പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് അംഗീകാരമുള്ള ബിസിനസ് ഇന്‍കുബേറ്റര്‍ ആയിരിക്കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, കമ്പ്യൂട്ടര്‍/ഇലക്ട്രോണിക്/സോഫ്‌റ്റ്വെയര്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, ജനിതകശാസ്ത്രം, ബയോടെക് എന്‍ിനീയറിങ്, കൊവിഡ് മുന്നണിപോരാളികള്‍ തുടങ്ങിയ എഞ്ചിനീയറിംഗ്, സയന്‍സ് മേഖലകളിലെ പ്രൊഫഷണലുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ഉന്നത നിലവാരം കാഴ്ചവയ്ക്കുന്ന യുഎഇ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുഎഇ സര്‍വകലാശാലകളില്‍ നിന്നും ലോകമെമ്പാടുമുള്ള മികച്ച 100 സര്‍വകലാശാലകളില്‍ നിന്നുമുള്ള മികച്ച ബിരുദധാരികള്‍ക്കും വിസ ലഭ്യമാണ്. വിദ്യാര്‍ഥിക്ക് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം എ അല്ലെങ്കില്‍ ബി റേറ്റുചെയ്ത ഒരു യൂണിവേഴ്സിറ്റി രേഖ, ഒരു ശുപാര്‍ശ കത്ത് അല്ലെങ്കില്‍ അംഗീകൃത ബിരുദ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. കൊവിഡ്-19 പോലുള്ള പ്രതിസന്ധികളില്‍ അസാധാരണമായ പ്രകടനം കാഴ്ചവെച്ച മുന്‍നിര പോരാളികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ ശുപാര്‍ശ ചെയ്യുന്ന പക്ഷം ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്. നഴ്‌സുമാര്‍, മെഡിക്കല്‍ അസിസ്റ്റന്റുമാര്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍, ഫാര്‍മക്കോളജിസ്റ്റുകള്‍, ഫ്രണ്ട്‌ലൈന്‍ ഹീറോസ് ഓഫീസ് അംഗീകരിച്ച മറ്റ് കേഡര്‍മാര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.