ന്യൂഡൽഹി: വികസനത്തിന്റെ വേഗംകൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രവും സംസ്ഥാനങ്ങളും ടീം ഇന്ത്യയായി ഒരുമിച്ചുനീങ്ങിയാൽ ഒരു ലക്ഷ്യവും അസാധ്യമാകില്ലെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. നിതി ആയോഗിന്റെ വാർഷിക ഗവേണിങ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ഉൾപ്പെട്ടതാണ് ഗവേണിങ് കൗൺസിൽ. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി നേരിട്ട് അഭിസംബോധന ചെയ്യുന്നുവെന്ന സവിശേഷതയും യോഗത്തിനുണ്ട്. ഓരോ സംസ്ഥാനവും ഒരു ടൂറിസ്റ്റ് കേന്ദ്രത്തെയെങ്കിലും ആഗോള നിലവാരത്തിൽ വികസിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഒരു സംസ്ഥാനം-ഒരു ആഗോള ലക്ഷ്യസ്ഥാനം എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമിത്. വികസിത ഭാരതമെന്നത് ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യമാണ്. വളർച്ച, നൂതനത്വം, സുസ്ഥിരത എന്നിവയായിരിക്കണം നഗരവികസനത്തിനുള്ള എൻജിൻ. തൊഴിൽരംഗത്ത് സ്ത്രീകളെ കൂടുതലായി പങ്കാളികളാക്കണം. തൊഴിൽസേനയിൽ അവർക്ക് മാന്യമായ പരിഗണനയുറപ്പാക്കുന്ന വിധത്തിലായിരിക്കണം നമ്മുടെ നിയമങ്ങളും നയങ്ങളും രൂപപ്പെടുത്തേണ്ടത് -പ്രധാനമന്ത്രി പറഞ്ഞു.
വിട്ടുനിന്ന് കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾ :
നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽനിന്ന് വിട്ടുനിന്ന് അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവരാണ് പങ്കെടുക്കാതിരുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ വാർഷികാഘോഷപരിപാടികളുമായി ബന്ധപ്പെട്ട തിരക്ക് കാരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടുനിന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. മൈസുരുവിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടി കാരണമാണ് യോഗത്തിനെത്താത്തതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലായിൽ ചേർന്ന യോഗത്തിൽ പങ്കെടുത്ത മമതാ ബാനർജി, അന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു. ഇനി മുതൽ ഈ യോഗങ്ങളിൽ പങ്കെടുക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. നികുതിവിഹിതത്തിലെ വിവേചനം ചൂണ്ടിക്കാട്ടി ജൂലായിലെ യോഗം ബഹിഷ്കരിച്ച തമിഴ്‌നാട്, തെലങ്കാന, പഞ്ചാബ് മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.