കൊച്ചി : പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ശുഹൈബിന്റേയും താഹ ഫസലിന്റേയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍. എന്നാല്‍ അന്വേഷണ സംഘത്തിന്റെ ആവശ്യം കൊച്ചിയിലെ എന്‍ഐഎ കോടതി തള്ളി.
അലന്റേയും താഹയുടേയും ജാമ്യ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കുന്ന നടപടികള്‍ക്കിടെയാണ് നാടകീയ നീക്കവുമായി എന്‍ഐഎ രംഗത്തെത്തിയത്. ഇരുവര്‍ക്കും ജാമ്യം നല്‍കുന്നത് തടയണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും കാണിച്ചാണ് എന്‍ഐഎ വിചാണ കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.
ഹൈക്കോടതി ഇന്ന് പിരിഞ്ഞാല്‍ നാളെയും മറ്റന്നാളും അവധി ദിനങ്ങളാണ്. ഇതേ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ ഇന്ന് തന്നെ കോടതിയെ സമീപിച്ചത്. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും, ഇത് സീല്‍ വെച്ച കവറില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നുമാണ് എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അല്‍പസമയത്തിനകം ഹര്‍ജി ഹൈക്കോടതി പരിഗണിച്ചേക്കും.