മുംബൈ : സൊമാറ്റോയിലെ ഓഹരികള്‍ വിറ്റ് അമേരിക്കന്‍ കമ്പനി ഊബര്‍. കമ്പനിക്ക് സൊമാറ്റോയില്‍ ഉണ്ടായിരുന്ന 7.78 ശതമാനം ഓഹരികള്‍ 50.44 രൂപ നിരക്കിലാണ് ഊബര്‍ വിറ്റത്. 3,088 കോടി രൂപ ഓഹരി വില്‍പ്പനയിലൂടെ ഊബറിന് ലഭിച്ചു.
ഫിഡെലിറ്റി ഇന്‍വസ്റ്റ്‌മെന്റ് 274 കോടിയുടെയും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ 226 കോടിയുടെയും ഓഹരികള്‍ വാങ്ങി. സൊമാറ്റോയിലെ പ്രീ-ഐപിഒ നിക്ഷേപകരുടെ (പ്രൊമോട്ടര്‍മാര്‍, ജീവനക്കാര്‍, മറ്റ് സ്ഥാപനങ്ങള്‍) ഒരുവര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് അവസാനിച്ച ശേഷം കമ്പനിയുടെ ഓഹരികള്‍ വില്‍ക്കുന്ന പ്രധാന നിക്ഷേപകരില്‍ ആദ്യ കമ്പനിയാണ് ഊബര്‍. 2020ല്‍ ഊബര്‍ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തപ്പോഴാണ് നോണ്‍-ക്യാഷ് ഡീലിലൂടെ ഊബറിന് ഈ ഓഹരികള്‍ ലഭിച്ചത്. 1,376 കോടി രൂപയുടേതായിരുന്നു 2020ലെ ഡീല്‍.
നിലവില്‍ സൊമാറ്റോയുടെ ഓഹരികള്‍ ഐപിഒ വിലയായ 76 രൂപയില്‍ നിന്ന് 34 ശതമാനത്തോളം താഴെയാണ് വ്യാപാരം നടക്കുന്നത്. 46 രൂപയിലെത്തിയ ശേഷം തിരിച്ചുകയറിയ ഓഹരികളുടെ നിലവിലെ വില 56.65 രൂപയാണ് (9.45 am). നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ നഷ്ടം കുറച്ച കമ്പനി 2023 മാര്‍ച്ചോടെ ബ്രേക്ക് -ഈവന്‍ ആകുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.