കാസര്‍കോഡ് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഇന്ന് കാസര്‍കോഡ് നിന്നും ആരംഭിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജാഥ ഉദ്ഘാടനം ചെയ്യും. 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ജാഥ ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും.
സമ്പല്‍ സമൃദ്ധവും, ഐശ്വര്യ പൂര്‍ണവുമായ കേരളമാണ് യാത്രയുടെ ലക്ഷ്യം. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, എന്‍.കെ. പ്രേമചന്ദ്രന്‍, തുടങ്ങിയ നേതാക്കള്‍ ജാഥയില്‍ സ്ഥിരാംഗങ്ങളായിരിക്കും. വൈകിട്ട് 3 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുമ്പളയില്‍ ജാഥ ഉദ്ഘാടനം ചെയ്യും. ആദ്യദിനം രണ്ടു മണ്ഡലങ്ങളിലാണ് പര്യടനം.
നാളെ പെരിയ, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ജാഥ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. 22 ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ ദേശീയ നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുക്കും.