ദില്ലി: ദേവികുളം തിരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തു. തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി. അഭിഭാഷകന്‍ അല്‍ജോ ജോസഫാണ് തടസ്സഹര്‍ജി കുമാറിനായി ഫയല്‍ ചെയ്തത്. ഹൈക്കോടതി വിധി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഡി കുമാര്‍ പറയുന്നു. ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ ലഭിച്ചിരുന്നു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി 10 ദിവസത്തെ ഇടക്കാല സ്റ്റേ ആണ് ഹൈക്കോടതി അനുവദിച്ചത്.
എംഎല്‍എ എ രാജയുടെ വിജയം കഴിഞ്ഞദിവസമാണ് ഹൈക്കോടതി റദ്ദാക്കിയത്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് ഇടതുമുന്നണിക്ക് തിരിച്ചടിയായി ഹൈക്കോടതിയില്‍ നിന്ന് ഉത്തരവെത്തിയത്. ദേവികുളം മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി നിയമസഭയിലെത്തിയ എ രാജയുടെ വിജയവും ഹൈക്കോടതി അസാധുവാക്കി. പട്ടികജാതി സംവരണ വിഭാഗത്തില്‍പ്പെട്ട ദേവികുളം മണ്ഡലത്തില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാറിന്റെ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതിയിടെ നടപടി. ഇത് രണ്ടാം തവണയാണ് ദേവികുളം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെടുന്നത്. ക്രിസ്ത്യന്‍ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാനവാദം.