തിരുവനന്തപുരം : യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മാറ്റുന്ന കാര്യം ആരും തന്നോട് ഇതുവരെ പറഞ്ഞിട്ടില്ലെന്നും മാറ്റുന്ന രീതി ശരിയായില്ലെങ്കിൽ അപ്പോൾ പ്രതികരിക്കുമെന്നും യുഡിഎഫ് കൺവീനർ എം.എം.ഹസൻ. പുതിയ കൺവീനർക്കു വേണ്ടിയുള്ള ചർച്ച നടക്കുന്നതായി വായിച്ചുള്ള അറിവേയുള്ളൂ. പുതിയ പദവിയുണ്ടോയെന്നു പറയേണ്ടത് അതു തരാൻ ചുമതലപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
കെ.സുധാകരനെക്കുറിച്ചുള്ള പൈങ്കിളിക്കഥയ്ക്ക് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഔന്നത്യത്തിൽനിന്നു താഴേക്കിറങ്ങി വന്നു മറുപടി പറയാൻ പാടില്ലായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠിച്ചകാലത്ത് താൻ പലരിൽനിന്നും അടി വാങ്ങിയിട്ടുണ്ട്. അടിച്ചവരിൽ പലരും ഇന്നു സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. അക്കാര്യം താൻ പറഞ്ഞുനടക്കുന്നില്ലല്ലോ.
കോൺഗ്രസിൽ ജംബോ കമ്മിറ്റികൾ വേണ്ടെന്ന തീരുമാനം നല്ലതാണ്. ‘സ്മോൾ ഈസ് ബ്യൂട്ടിഫുൾ’ എന്നാണല്ലോ. രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തിലേക്കു പോകുന്നതു നല്ല കാര്യമാണ്. ദേശീയ നേതാവാകാൻ ഹിന്ദി അറിയണമെന്നില്ലെന്നും കാമരാജും കെ.കരുണാകരനും ദേശീയ നേതാക്കളായതു ഹിന്ദി അറിഞ്ഞിട്ടല്ലെന്നും കെ.മുരളീധരന്റെ പരാമർശത്തിനു മറുപടിയായി ഹസൻ പറഞ്ഞു.
എട്ടു ജില്ലകളിൽ നടന്ന മരംകൊള്ളയുടെ ഉത്തരവാദികളായ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് 24ന് സംസ്ഥാനത്തെ 1000 സർക്കാർ ഓഫിസുകൾക്കു മുൻപിൽ യുഡിഎഫ് ധർണ നടത്തും. സെക്രട്ടേറിയറ്റിനു മുൻപിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. കണ്ണൂരിലെ ധർണ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്നു ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.