പന്തളം : പന്തളം നഗരസഭയിലെ തെരുവീഥികളിൽ ഭൂരിഭാഗവും തെരുവുവിളക്കുകൾ കത്താതായിട്ട് ആറുമാസത്തിലേറെയായി. റോഡുകളുടെ ഇരുവശവും കാടുകൾ വളർന്നു നിൽക്കുന്നു. കുണ്ടും കുഴിയും ചെളിവെള്ളം നിറഞ്ഞ് കുളങ്ങളായി മാറിയിരിക്കുന്നു നഗരസഭ റോഡുകൾ. ഇരുട്ടിലായ തെരുവീഥികളിലുടെ സന്ധ്യക്ക് ശേഷം യാത്ര ചെയ്യുന്നത് ദുഷ്കരം. ഇഴ ജന്തുക്കളുടെയും തെരുവു നായ്ക്കളുടേയും കാട്ടുപന്നികളുടേയും ഉപദ്രവം മൂലം ജീവൻ തന്നെ അപകടാവസ്ഥയിലാകുമെന്ന ഭയത്തോടെയാണ് നാട്ടുകാർ. കൗൺസിലർമാർ തങ്ങളുടെ സ്വന്തം പണം ഉപയോഗിച്ചാണ് ഓണത്തിനു മുമ്പ് തെരുവുവിളക്കുകൾ കത്തിക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നത്. പാവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾക്ക് പതിനെട്ടു മാസമായി തങ്ങൾ ജോലി ചെയ്തതിൻ്റെ വേതനം പോലും നൽകാതെ വഞ്ചിച്ചിരിക്കുകയാണ് നഗരസഭ.
തനതു ഫണ്ട് ധൂർത്തടിക്കുകയും തൊഴിലാളികൾക്ക് ആശ്വാസ സഹായം പോലും നൽകാൻ തയ്യാറാകാത്തതുമായ ഭരണ സമിതി രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് യു ഡി എഫ് കൗൺസിലർമാർ നഗരസഭയുടെ ഓണാഘോഷ പരിപാടികൾ ബഹിഷ്കരിച്ച് മെഴുകുതിരി കത്തിച്ച് നഗരസഭ മന്ദിരത്തിന്റെ കവാടത്തിൽ പ്രതിഷേധിച്ചത്. പ്രതിഷേധ സമരത്തിൽ യു ഡി എഫ് പാർലമെൻ്ററി പാർട്ടി ലീഡർ കെ. ആർ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പന്തളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എസ്. ഷെരിഫ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. എ നൗഷാദ് റാവുത്തർ, കൗൺസിലർമാരായ കെ.ആർ രവി, പന്തളം മഹേഷ്, സുനിതാ വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.