തിരുവനന്തപുരം : കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് ക്ഷണിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോൺഗ്രസ് ഇടത് പക്ഷത്ത് ഉറച്ചു നിൽക്കും. യുഡിഎഫ് വിപുലീകരിക്കുന്നത് കേരള കോൺഗ്രസിനെ ബാധിക്കുന്നതല്ല. രാഷ്ട്രീയ മാറ്റം വരേണ്ട സാഹചര്യം ഇല്ല. ഒറ്റയ്ക്ക് നിൽക്കാൻ കഴിയാത്തത് കൊണ്ടാണല്ലോ അവർ മറ്റുള്ളവരെ ക്ഷണിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു. കേരള കോൺഗ്രസിനെ സംബന്ധിച്ചുള്ള രാഷ്ട്രീയ അജണ്ടയും തീരുമാനവും പാർട്ടി ചെയർമാൻ വ്യക്തമാക്കിയതാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള കോൺഗ്രസിന്റെ നിലപാട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പമാണ്. ആ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒരു മാറ്റവും വരേണ്ട അന്തരീക്ഷം ഇന്നില്ലെന്നും നിലപാടുകളിൽ എന്നും ഉറച്ചുനിന്ന രാഷ്ട്രീയ പാരമ്പര്യമാണ് കേരള കോൺഗ്രസിനുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
വിസ്മയപ്പെടുത്തുന്ന രീതിയിൽ യു.ഡി.എഫ് അടിത്തറ വിപുലമാക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമർശത്തിനും മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി. എന്ത് വിസ്മയമാണെന്ന് തനിക്ക് മനസിലായില്ലെന്നും അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ചിന്തിച്ച് പ്രതികരിക്കുന്ന ആളായിരുന്നു പ്രതിപക്ഷനേതാവെന്നും അങ്ങനെ പറയേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.