തിരുവനന്തപുരം : യുഡിഎഫിലെ അസംതൃപ്തിയിൽ തന്ത്രപരമായ നിലപാടുമായി സിപിഎം. യുഡിഎഫിൽ പ്രശ്നങ്ങളുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിൽ തൊടാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം എൽഡിഎഫ് വിപൂലീകരണത്തിന്റെ ആവശ്യമില്ലെന്നാണ് സിപിഐ നിലപാട്. തെരഞ്ഞെടുപ്പിനെ നേരിടും മുമ്പ് യുഡിഎഫിൽ കുറേ കാര്യങ്ങൾ നേരെയാക്കാനുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി തുറന്നു പറഞ്ഞു. അത് മൂടി വെക്കുന്നതിലർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ ഈ തുറന്നുപറച്ചില്‍ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി. കോണ്‍ഗ്രസിന്റെ നേതൃമാറ്റത്തിൽ ഒളിയമ്പുമായി ലീഗ് നിലപാട് എടുക്കുമ്പോൾ സിപിഎം സമീപനമാണ് പ്രധാനം. ലീഗിനെ സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ലീഗിന്റെ അസംതൃപ്തിയിൽ പിണറായി തൊട്ടില്ലെങ്കിലും കാത്തിരുന്ന കാണാമെന്നാണ് സിപിഎം നിലപാട്. ലീഗിന്റെ അമർഷവും കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളും കൂടുതൽ മൂക്കട്ടെ എന്നാണ് സിപിഎം സമീപനം.
എന്നാല്‍ മുന്‍ നിലപാടില്‍ തന്നെയാണ് സിപിഐ. എൽഡിഎഫ് മുന്നണിയിലേക്ക് ആരെയും എടുക്കാൻ ഉദ്ദേശമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫിലേക്ക് പോകുമെന്ന് പറഞ്ഞ് ആരും വിലപേശേണ്ടതില്ലെന്നും കാനം പ്രതികരിച്ചു. സംസ്ഥാനത്ത് എല്‍ഡിഎഫിന് ഭരണ തുടർച്ചയുണ്ടാകുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണിത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2016 ലെ പ്രകടനപട്ടികയിലെ ഏതാനും ചിലതൊഴിച്ച് ബാക്കിയെല്ലാം വാഗ്ദാനങ്ങളും നടപ്പിലാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്തിട്ടുണ്ട്.
സര്‍ക്കാരിന് മുന്നില്‍ കേരളത്തിലെ പ്രതിപക്ഷം നിഷ്ഫലമായിപ്പോയി. സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകും. യുഡിഎഫ് ദുര്‍ബലമാകുകയാണ്. അതേസമയം എൽഡിഎഫിനെ ദുര്‍ബലമാക്കുന്നതൊന്നുമില്ല. ശക്തമായി നിൽക്കുന്ന എൽഡിഎഫിലേക്ക് ഇപ്പോൾ ആരെയും എടുക്കാനുദ്ദേശമില്ലെന്നും കാനം പറഞ്ഞു.