പത്തനംതിട്ട : യു.ഡി.എഫ് ജില്ലാ ചെയര്‍മാൻ വിക്ടർ ടി. തോമസിനെ കയ്യേറ്റം ചെയ്ത റാന്നി എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ എസ് .പി ഓഫീസ് മാർച്ച് നടത്തും.
ആരബിള്‍ ഭൂമിയുമായി ബന്ധപ്പെട്ട റാന്നി ഡി.എഫ്.ഒ യുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റാന്നി ഡി.എഫ്.ഒ ഓഫീസിന് മുമ്പില്‍ ഇന്നലെ നടന്ന സമരത്തിനുശേഷം സമാധാനമായി പിരിഞ്ഞു പൊയ്‌ക്കൊണ്ടിരുന്ന പ്രവർത്തകർക്ക് നേരെ റാന്നി പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കുരുവിള ജോര്‍ജ്ജ് ആക്രമിക്കുകയായിരുന്നു. വിക്ടര്‍ റ്റി തോമസിനെ ബലമായി പിടിച്ചുതള്ളി താഴെയിട്ടു മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ എസ്.ഐ കുരുവിള ജോര്‍ജ്ജിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, പരാതിക്കാരനായ വിക്ടര്‍ റ്റി തോമസ്, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് റ്റി.എം ഹമീദ് എന്നിവര്‍ ജില്ലാ പോലീസ് ചീഫിനെ നേരില്‍ കണ്ട് പരാതി നല്‍കി.
യു.ഡി.എഫ് ജില്ലാ ചെയര്‍മാനുനേരെ നടന്ന കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് നാളെ യു.ഡി.എഫ് പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ആഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഉദ്ഘാടനം ചെയ്യും.