തിരുവനന്തപുരം : പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരെ യു.ഡി.എഫിന്റെ കുടുംബസത്യഗ്രഹ പ്രതിഷേധം. ഇന്ന് രാവിലെ 10 മണി മുതല്‍ 11 മണി വരെ നടക്കുന്ന സത്യഗ്രഹത്തില്‍ നേതാക്കള്‍ കുടുംബസമേതം അവരവരുടെ വീടുകളില്‍ പങ്കെടുക്കും.
കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ കണ്ണൂരിലെ വസതിയിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എറണാകുളത്തെ വസതിയിലും പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ വസതിയിലും ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വസതിയിലും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ജഗതിയിലെ വസതിയിലും സത്യഗ്രഹത്തില്‍ പങ്കെടുക്കും.
യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ജഗതിയിലെ വസതിയിലും മറ്റ് യുഡിഎഫ് എം.പി മാരും എം.എല്‍.എമാരും നേതാക്കളും അവരുടെ വസതികളിലെ സത്യഗ്രഹത്തില്‍ പങ്കുചേരും. ‘പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക’ എന്ന പ്ലക്കാര്‍ഡ് പിടിച്ചുകൊണ്ടാണ് കുടുംബാംഗങ്ങള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നത്.