തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശം ഒരിക്കൽകൂടി തെരഞ്ഞെടുപ്പ് വിഷയമാക്കാൻ യു.ഡി.എഫ്. ശബരിമലവിധി മറികടക്കാൻ നിയമനിർമ്മാണം നടത്തുമെന്ന വാഗ്‌ദാനം മുന്നോട്ടുവെച്ചാണ് യു.ഡി.എഫ്. ശബരിമല പ്രശ്നം വീണ്ടും പ്രചാരണായുധമാക്കുന്നത്. ഇക്കാര്യത്തിൽ ഇടതുമുന്നണി എന്ത് നിലപപാടായിരിക്കും സ്വീകരിക്കുകയെന്ന് യു.ഡി.എഫ്. ഉറ്റുനോക്കുന്നു. ഒരാഴ്ചമുമ്പുതന്നെ ശബരിമല വീണ്ടും ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമം യു.ഡി.എഫ്. തുടങ്ങിയിരുന്നു. ശബരിമലക്കാര്യത്തിൽ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുംവിധം സർക്കാർ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. അടുത്തപടിയായാണ് യു.ഡി.എഫ്. പ്രചാരണജാഥ ഉദ്ഘാടനം ചെയ്ത് ഉമ്മൻചാണ്ടി ശബരിമലയിലേക്ക് വീണ്ടും ‘കെട്ടുമുറുക്കിയത്’.
ഇടതുപക്ഷത്തേയും ബി.ജെ.പി.യേയും ഒരുമിച്ച് പ്രതിരോധത്തിലാക്കാൻ പറ്റിയ വിഷയമായാണ് യു.ഡി.എഫ്. ശബരിമല പ്രശ്നത്തെ കാണുന്നത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീംകോടതിവിധി മറികടക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയമനിർമാണം നടത്തിയില്ലെന്ന് യു.ഡി.എഫ്. ഓർമ്മിപ്പിക്കുന്നു. മുൻ യു.ഡി.എഫ്. സർക്കാർ ആചാരസംരക്ഷണം ചൂണ്ടിക്കാട്ടി നൽകിയ സത്യവാങ്മൂലം പിൻവലിച്ച് പുതിയത് നൽകിയതിലൂടെ എൽ.ഡി.എഫ്. സർക്കാർ സുപ്രീംകോടതിവിധി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടുന്നു. വിശ്വാസികൾക്ക് അനുകൂല നിലപാട് എടുത്ത ദേവസ്വം ബോർഡിനെക്കൊണ്ടും നിലപാട് തിരുത്തിച്ചു.