തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചർച്ചയ്ക്ക് ഇന്ന് തുടക്കം. മുസ്‍ലിം ലീഗ് നേതാക്കളുമായി മലപ്പുറത്ത് കൂടിക്കാഴ്ച നടത്തുന്ന കോൺഗ്രസ് നേതൃത്വം അടുത്ത ദിവസം മറ്റു ഘടകകക്ഷികളുമായും ചർച്ച നടത്തും.
സീറ്റ് വെച്ചുമാറുന്നത് ഉൾപ്പെടെ തീരുമാനിക്കാൻ തൊടുപുഴയിൽ കേരള കോൺഗ്രസ് ഇന്ന് നേതൃയോഗം വിളിച്ചിട്ടുണ്ട് . കേരള കോൺഗ്രസ് ജോസ് വിഭാഗവും ലോക് താന്ത്രിക് ജനതാദളും മൽസരിച്ച 15 സീറ്റുകളിലാണ് എല്ലാവരുടേയും കണ്ണ്. കഴിഞ്ഞ തവണ 24 സീറ്റുകളിൽ മൽസരിച്ച മുസ്‌ലിം ലീഗ് പത്ത് സീറ്റു വരെയാണ് അവകാശപ്പെടുന്നത്. എന്നാൽ ചോദിച്ചതെല്ലാം കൊടുത്താൽ ലീഗിന് കോൺഗ്രസ് അടിമപ്പെട്ടെന്ന പേരുദോഷം പിന്നെയും ഉയരും. അതുകൊണ്ട് കരുതലോടെയാണ് കോൺഗ്രസ് നീക്കം. കേരള കോൺഗ്രസ് എം കഴിഞ്ഞ തവണ മൽസരിച്ച മുഴുവൻ സീറ്റും വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പി.ജെ. ജോസഫും കൂട്ടരും.
കോട്ടയം ജില്ലയിലെ ഏതെങ്കിലും സീറ്റ് വിട്ടു കൊടുക്കേണ്ടി വന്നാൽ പകരം കോൺഗ്രസിന്റെ കൈവശമുള്ള മൂവാറ്റുപുഴ ചോദിച്ചേക്കും. തിരുവല്ലയും റാന്നിയും വെച്ചു മാറുന്നതും പരിഗണനയിലുണ്ട്. സ്ഥിരമായി തോൽക്കുന്ന ആലത്തൂർ പോലെയുള്ള മണ്ഡലങ്ങൾ വിട്ടു കൊടുത്ത് ജയസാധ്യതയുള്ള ഒരു സീറ്റ് പകരം ചോദിക്കണമെന്ന അഭിപ്രായമുണ്ട്. അഞ്ച് സീറ്റിൽ മൽസരിച്ച ആർഎസ്പി കൊല്ലത്തും ആലപ്പുഴയിലും ഓരോ സീറ്റ് കൂടി ആവശ്യപ്പെടും. എൻസിപിയിലെ ഒരു വിഭാഗം യുഡിഎഫിലേക്കു വരുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്. അതുകൂടി കണക്കിലെടുത്താണ് അനൗദ്യോഗിക ചർച്ചകൾ നടന്നത്. ജനുവരിയോടെ സീറ്റ് വിഭജനം പൂർത്തിയാക്കണമെന്ന് ഘടകകക്ഷികൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചർച്ചകൾ വേഗത്തിലാക്കുന്നത്.