ന്യൂഡൽഹി : വരണ്ട തടാകത്തില്‍ താമര വിരിയില്ലെന്ന് ശിവസേന. ഡൽഹി തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയ സാധ്യതയെക്കുറിച്ചാണ് പരാമര്‍ശം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ മികച്ച പ്രവര്‍ത്തനമാണ് ചെയ്തിട്ടുള്ളത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കേജ്‍രിവാള്‍ നടപ്പിലാക്കിയെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. കേന്ദ്രത്തിന്റെ നിയന്ത്രണങ്ങള്‍ക്കിടയിലും ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ക്ഷേമരംഗത്തും ആംആദ്മി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ശ്രദ്ധേയമാണ്.
സാമ്നയിലെ മുഖപ്രസംഗത്തിലാണ് ബിജെപിക്കെതിരെയുള്ള ശിവസേനയുടെ രൂക്ഷ വിമര്‍ശനം. ഡൽഹി മോഡല്‍ വികസനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങള്‍ക്കും പിന്തുടരാന്‍ കഴിയുന്ന കാര്യങ്ങളാണ് കേജ്‍രിവാള്‍ ചെയ്ത് കാണിച്ചത്. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മോദിയും അമിത്ഷായും കേജ്‍രിവാളിനെ അഭിനന്ദിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ബിജെപി നേതാക്കള്‍ ഹിന്ദു മുസ്‍ലിം വിദ്വേഷം വരുത്തി വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ശിവസേന ആരോപിച്ചു.
ഡൽഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവില്ലെന്നും ഉദ്ദവ് പറയുന്നു. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ നഷ്ടം നേരിട്ട ബിജെപിക്ക് ഡൽഹി ജയിക്കാന്‍ ആഗ്രഹിക്കാന്‍ മാത്രമേ സാധിക്കൂവെന്നും ഉദ്ദവ് സാമ്നയില്‍ വിശദമാക്കി. രാജ്യത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നായി 200 എംപിമാരും മുഖ്യമന്ത്രിമാരെയും നിരത്തി പ്രതിരോധിക്കേണ്ട അത്ര ശക്തിയുള്ളവരാണ് എഎപിയെന്ന് ബിജെപി പ്രചാരണ വേളയില്‍ തെളിയിച്ചുവെന്ന് സാമ്ന വിശദമാക്കുന്നു. കേജ്‍രിവാളിന്‍റെ പ്രവര്‍ത്തന രീതിയിലും വീക്ഷണത്തിലും വ്യത്യാസമുണ്ട്. എന്നാലും ജനങ്ങളുടെ നന്മയ്ക്കായാണ് കേജ്‍രിവാളിന്‍റെ ശ്രമമെന്നും ഉദ്ദവ് സാമ്നയില്‍ പറയുന്നു.