കൊച്ചി : മംഗലാപുരത്തു നിന്നും എറണാകുളം ഉദയംപേരൂരിൽ എത്തിയ വിദ്യാർത്ഥിക്ക് ക്വാറൻറീൻ സൗകര്യമൊരുക്കുന്നതിൽ വീഴ്ച പറ്റിയ സംഭവം സബ്‌കളക്ടർ അന്വേഷിക്കും. പഞ്ചായത്ത് സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്. മംഗലാപുരത്തു നിന്നും ഇന്നലെ ഉദയംപേരൂരിൽ എത്തിയ വിദ്യാർത്ഥിക്കാണ് പഞ്ചായത്ത് ക്വാറൻറീൻ സൗകര്യം ഒരുക്കാത്തതിനെ തുടർന്ന് മണിക്കൂറുകളോളം റോഡിൽ ഓട്ടോറിക്ഷയിൽ കഴിയേണ്ടി വന്നത്. സംഭവം വിവാദമായതിനെ തുടർന്ന് ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഫോർട്ട് കൊച്ചി സബ്‌കളക്ടർ സ്നേഹിൽ കുമാറിനാണ് അന്വേഷണ ചുമതല. പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടാനും അടിയന്തര റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാനുമാണ് ജില്ലാ കളക്ടർ എസ്. സുഹാസ് നിർദേശം നൽകിയത്.
സംഭവം വിവാദമായതിന് പിന്നാലെ ജില്ലാ കളക്ടർ വിദ്യർത്ഥിക്ക് തൃപ്പൂണിത്തുറ ആയൂർവേദ കോളേജിൽ ക്വാറൻറീൻ സൗകര്യം ഒരുക്കി. വീട്ടിൽ സൗകര്യം ഇല്ലാത്തിനാൽ ക്വാറൻറീൻ സൗകര്യം വേണമെന്ന് മുൻകൂട്ടി അറിയിച്ച ശേഷമാണ് വിദ്യാർത്ഥി എറണാകുളത്ത് എത്തിയത്. എന്നാൽ പഞ്ചായത്ത് കൈമലർത്തിയതോടെ ഉദയം പേരൂർ പോലീസ് സ്റ്റേഷനിലെത്തി. പോലീസ് ഇടപെട്ടിട്ടും ക്വാറൻറീൻ സൗകര്യം ഒരുക്കാൻ സെക്രട്ടറി നടപടി സ്വീകരിച്ചില്ലെന്നാണ് പോലീസ് റിപ്പോർട്ട്.
തുടർന്ന് പോലീസ് നേരിട്ട് ദിശയിൽ ബന്ധപ്പെട്ടു. അവിടെ നിന്നും കിട്ടിയ നിർദ്ദേശം അനുസരിച്ച് അസിസ്റ്റൻറ് കളക്ടർക്ക് കത്തു നൽകാൻ വീണ്ടും പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇതിനു ശേഷമാണ് സെക്രട്ടറി കത്ത് നൽകാൻ പോലും തയ്യാറായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതു സംബന്ധിച്ച റിപ്പോർട്ട് പോലീസ് കളക്ടർക്ക് സമർപ്പിക്കും. സെക്രട്ടറിയുടെ നടപടിയെ തള്ളി പഞ്ചായത്ത് ഭരണസമിതിയും രംഗത്ത് വന്നു.