ഡല്‍ഹി : അധ്യാപക യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ് 2021 മേയ് രണ്ടു മുതല്‍ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍ അറിയിച്ചു. മെയ് രണ്ടു മുതല്‍ 17 വരെ നടക്കുന്ന പരീക്ഷ കമ്പ്യുട്ടര്‍ അധിഷ്ഠിത രീതിയിലാകും നടത്തുക.
നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നെറ്റ് പരീക്ഷ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (ജെ ആര്‍ എഫ്), യൂണിവേഴ്‌സിറ്റി, കോളേജ് അധ്യാപക തസ്തികകളിലേക്കുള്ള യോഗ്യത ആയാണ് പരിഗണിക്കപ്പെടുന്നത്.
സാധാരണ ഒരു വര്‍ഷത്തില്‍ രണ്ടു തവണ നെറ്റ് പരീക്ഷ നടത്തപ്പെടാറുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തേണ്ടിയിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈകുകയായിരുന്നു. 2020 ജൂണ്‍ മാസം നടക്കാനിരുന്ന നെറ്റ് പരീക്ഷ സെപ്റ്റംബര്‍-നവംബര്‍ കാലാവധിയിലാണ് നടന്നത്.
പരീക്ഷാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി മുതല്‍ മാര്‍ച്ച് 2 വരെയുള്ള കാലാവധിക്കുള്ളില്‍ https://www.nta.ac.in/, https://ugcnet.nta.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി അപേക്ഷിക്കാവുന്നതാണ്. പണമടക്കാനുള്ള അവസാന തിയതി മാര്‍ച്ച് 3 ആണ്. കൂടുതല്‍ വിവരങ്ങള്‍ പ്രസ്തുത വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കാം.
യുജിസിയുടെ അവസാനം ലഭ്യമായ അറിയിപ്പ് പ്രകാരം രണ്ടു പേപ്പറുകളായിരിക്കും നെറ്റ് പരീക്ഷക്കുണ്ടാവുക. നൂറു മാര്‍ക്കിന്റെ ആദ്യ പേപ്പറില്‍ 50 ചോദ്യങ്ങളും 200 മാര്‍ക്കിനുള്ള രണ്ടാം പേപ്പറില്‍ നൂറു ചോദ്യങ്ങളും ഉണ്ടാവും. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ രണ്ടു ഷിഫ്റ്റുകളിലായാണ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12 മണി വരെയാണ് ആദ്യത്തെ ഷിഫ്റ്റ്. ഉച്ചക്ക് മൂന്നു മണി മുതല്‍ വൈകിട്ട് ആറു മണി വരെ രണ്ടാമത്തെ ഷിഫ്റ്റ് നടത്തപ്പെടും.