മോസ്കോ : ഓപ്പറേഷന്‍ സ്പൈഡര്‍ വെബിന് പിന്നാലെ റഷ്യയെ വീണ്ടും വിറപ്പിച്ച് യുക്രൈന്‍. റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം തകര്‍ത്തു. സ്ഫോടനം നടത്തിയത് വെള്ളത്തിന് അടിയിലൂടെയാണെന്ന് യുക്രൈൻ വ്യക്തമാക്കി. സ്ഫോടനത്തിൽ ആളപായമുള്ളതായി റിപ്പോർട്ടില്ല. പാലത്തിലൂടെയുള്ള ഗതാഗതം റഷ്യ നിരോധിച്ചിട്ടുണ്ട്. പാലം തകർത്തതടക്കമുള്ള വിഷയങ്ങൾ റഷ്യ – യുക്രൈൻ യുദ്ധത്തിൽ സമാധാനം പുലരുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയാകുകയാണ്.
റഷ്യയെയും ക്രിമിയൻ ഉപദ്വീപിനെയും ബന്ധിപ്പിക്കുന്ന റോഡ്, റെയിൽ പാലത്തിൽ ജലനിരപ്പിന് താഴെയുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യുക്രൈന്‍റെ എസ് ബി യു സുരക്ഷാ വിഭാഗം വ്യക്തമാക്കി. 1100 കിലോഗ്രാം (2,420 പൗണ്ട്) സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതായും അവ പൊട്ടിത്തെറിച്ച് പാലത്തിന്റെ അണ്ടർവാട്ടർ തൂണുകൾ തകർന്നതായും എസ് ബി യു വിവരിച്ചു.