പത്തനംതിട്ട : പൊതുഗതാഗതത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടുത്തുവാനും പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പൊതുഗതാഗതം എങ്ങനെയാണ് പരിഹാരമാകുന്നതെന്ന് അറിയുവാനും അനുഭവിച്ചറിയുന്നതിനും ക്രമീകരിച്ച യാത്ര കുട്ടികൾക്ക് വിസ്മയമായി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് യാത്ര നടത്തിയത്. സ്കൂളിൽ നിന്നും ബസ്, ട്രെയിൻ, വിമാനം എന്നീ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി സേലത്തേക്കാണ് ദ്വിദിന യാത്ര സംഘടിപ്പിച്ചത്. ഉളനാട്ടിൽ നിന്നും സ്കൂൾ ബസ്സിൽ പുറപ്പെട്ട സംഘം ചെങ്ങന്നൂരിൽ നിന്നും ട്രെയിനിൽ എറണാകുളത്തേക്കും എറണാകുളത്തുനിന്ന് ആലുവയിലേക്ക് മെട്രോ ട്രെയിനിലും ആലുവ മെട്രോ സ്റ്റേഷനിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് കൊച്ചി മെട്രോ ഇലക്ട്രിക് ബസിലും അവിടെനിന്ന് സേലത്തേക്ക് വിമാനത്തിലും സേലം എയർപോർട്ടിൽ നിന്ന് യേർക്കാട് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് തമിഴ്നാട് ആർ ടി സി ബസിലും സഞ്ചരിച്ചു.
യേർക്കാട് വിനോദ സഞ്ചാര മേഖലയിലെ അണ്ണാ പാർക്ക്, ചോക്ലേറ്റ് ഫാക്ടറി, മെറിഡിയൻ മൗണ്ട് ടോപ്പ് , ടെലിസ്കോപ്പ് ടവർ പോയിന്റ്, റോസ് ഫ്ലവർ ഗാർഡൻ, ചിൽഡ്രൻസ് പാർക്ക്, സേലം ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയും സന്ദർശിച്ച ശേഷം സേലത്തു നിന്നും ചെങ്ങന്നൂരിലേക്ക് ട്രെയിനിൽ സഞ്ചരിച്ച് സംഘം നാട്ടിൽ മടങ്ങി എത്തി. ജനുവരി മുതൽ സ്കൂളിൽ നടന്നുവരുന്ന അറിവുത്സവത്തിന്റെ ഭാഗമായാണ് വിസ്മയ യാത്ര എന്ന പേരിൽ പൊതുഗതാഗതം പരിചയപ്പെടുത്തിയ യാത്രാനുഭവം കുട്ടികൾക്ക് സമ്മാനിച്ചത്. അറിവുത്സവത്തിൻ്റെ ഭാഗമായി മലയാള ഭാഷാ പരിപോഷണ പരിപാടി, ഇംഗ്ലീഷ് തീയറ്റർ ശില്പ ശാല, ഗണിത ഒളിമ്പ്യാഡ്, എന്നിവ സംഘടിപ്പിച്ചിരുന്നു. വിസ്മയ യാത്രയുടെ അനുഭവപാഠങ്ങൾ യാത്രാവിവരണങ്ങളായി ചൊവ്വാഴ്ച കുട്ടികൾ അവതരിപ്പിക്കും. യാത്രാ സംഘത്തിന് പ്രഥമ അധ്യാപിക ലിജി സൂസൻ ജോൺ, സ്റ്റാഫ് സെക്രട്ടറി കെ.ബെൻസി, ഓഫീസ് അസിസ്റ്റന്റ് ബിജി തോമസ് കെ. ജോൺ എന്നിവർ നേതൃത്വം നൽകി.