തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണ ധ്വജ നിർമ്മാണത്തിനുള്ള ഉളി വെപ്പ് കർമ്മം നടന്നു. നാമജപത്തിൽ മുഴുകി നിരവധി ഭക്തർ സാക്ഷിയായി. ഇന്ന് രാവിലെ 10 ന് കൊടിമര ശിൽപ്പി അനന്തൻ ആചാരി ക്ഷേത്രത്തിന് വടക്ക് ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ സൂക്ഷിച്ചിരുന്ന തേക്ക് മരത്തിന് മുന്നിൽ വിളക്ക് തെളിയിച്ചു. തുടർന്ന് ക്ഷേത്ര തന്ത്രി തെക്കേ കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദേവസ്വം ജീവനക്കാരുടെയും ക്ഷേത്ര ഉപദേശക സമിതിയുടെയും ദേവപ്രശ്ന പരിഹാര കമ്മറ്റിയുടെയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ തൃശ്ശൂർ ചേറായി സ്വദേശിയും ശബരിമല കൊടിമരത്തിന്റെ തച്ഛൻ സുകുമാരൻ ആശാരിയുടെ മകൻ കണ്ണൻ ആദ്യം ഉളികുത്ത് കർമ്മം നിർവ്വഹിച്ചു. ശേഷം തേക്ക് മരത്തിന്റെ തൊലി ചെത്തി മാറ്റുന്ന പ്രക്രിയ ആരംഭിച്ചു.
ശ്രീവല്ലഭ സേനാംഗങ്ങളുൾപ്പെടെ നൂറ് കണക്കിന് ഭക്തജനങ്ങളുടെ സഹകരണത്തോടെയാണ് തേക്ക് മരത്തിന്റെ തൊലി ചെത്തുന്ന പ്രക്രിയ ആരംഭിച്ചത്. തൊലി പൂർണമായും മാറ്റിയതിന് ശേഷം പച്ച മഞ്ഞളും പച്ചകർപ്പൂരവും കൂടി മരത്തിൽ തേച്ച് പിടിപ്പിച്ച് ഉണക്കുവാൻ ഇടും. ഇത് ഒരു മാസക്കാലത്തോളം കിടന്ന് ഉണങ്ങിയതിന് ശേഷം മരം ഒരുക്കി എണ്ണ തോണിയിൽ തൈലാധിവാസത്തിനായി ഇടും. നവംബർ 4 ന് പൂഞ്ഞാറിലെ പാതാംമ്പുഴയിൽ നിന്നും സ്വർണ്ണ ധ്വജത്തിനുള്ള തേക്ക് മരം മഹാ ഘോഷയാത്രയായി ക്ഷേത്രത്തിന്റെ മുൻ വശത്ത് കൂടി കടന്ന് വടക്ക് ഭാഗത്തായി പ്രത്യേകം തയ്യാറാക്കിയ പണിശാലയിൽ എത്തിച്ചത്.
ചടങ്ങുകൾക്ക് ദേവസ്വം മാനേജർ അനിത. ജി. നായർ, ദേവസ്വം ഉദ്യോഗസ്ഥർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ എം.എം. മോഹനൻ നായർ , ബി.ജെ. സനിൽകുമാർ, ഷാബു, രാജശേഖരൻ, വിഷ്ണു, മനോജ് എന്നിവരും ശ്രീവല്ലഭ സേനാംഗങ്ങളും ദേവ പ്രശ്ന പരിഹാര കമ്മറ്റി രക്ഷാധികാരി കെ.പി. വിജയൻ, ഭാരവാഹികളായ സുരേഷ് ഓടയ്ക്കൽ, രംഗനാഥ് കൃഷ്ണ, ഉഷാകുമാരി, വേണു വെളിയോട്ടില്ലം, വേണു മാരാമുറ്റം, അരുൺ രാജ്, പ്രകാശ് കോവിലകം, ഹരിഗോവിന്ദ്, സോമൻ ജി. പുത്തൻ പുരയ്ക്കൽ, ശ്യാമള വാരിജാക്ഷൻ, ഉഷാ രാജു, നരേന്ദ്രൻ ചെമ്പക വേലിൽ, ജിജിഷ് കുമാർ, ഒനിൽ കുമാർ, രാജീവ് കിഴക്കും മുറി എന്നിവർ നേതൃത്വം നൽകി.