തിരുവനന്തപുരം: നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയമൊന്നുമില്ലെന്ന് പിതാവ് ശിവനന്ദന്‍. മകളും ഉല്ലാസും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഉല്ലാസിനെതിരായി ഒന്നും പറയാനില്ല. കുടുംബത്തില്‍ ആര്‍ക്കുമായും ഉല്ലാസിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. മാനസികമായ എന്തെങ്കിലും കാര്യങ്ങള്‍ കൊണ്ടാകാം മകള്‍ ജീവനൊടുക്കിയത്. അമ്മ ആത്മഹത്യ ചെയ്തുവെന്നാണ് കുട്ടികളും പറഞ്ഞത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും നിഷയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വീടിന്റെ ടെറസില്‍ തുണി ഉണക്കാനിടുന്ന സ്ഥലത്ത് നിഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. രാത്രി ഉല്ലാസുമായി തര്‍ക്കമുണ്ടായതോടെ മക്കളെ കൂട്ടി നിഷ മുകളിലത്തെ നിലയില്‍ ഉറങ്ങാന്‍ പോയിരുന്നു. രാത്രി മുകളിലത്തെ നിലയിലെത്തിയ ഉല്ലാസ് നിഷയെ കാണാത്തതോടെ ബന്ധുക്കളെ കൂട്ടി പരിശോധന നടത്തുകയായിരുന്നു. ആദ്യ പരിശോധനയില്‍ നിഷയെ കണ്ടെത്താനായില്ല.
പിന്നീടാണ് ഒന്നാം നിലയില്‍ തുണികള്‍ ഉണക്കാനിടുന്ന ഭാഗത്ത് മൃതദേഹം കണ്ടെത്തുന്നത്. ഉടന്‍ തന്നെ ബന്ധുക്കള്‍ നിഷയെ കുരുക്ക് അഴിച്ച് താഴെയിറക്കി അടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുമ്പേ നിഷ മരിച്ചിരുന്നു. തുടര്‍ന്നാണ് സംഭവം പോലീസിനെ അറിയിച്ചത്. പോലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. അസ്വഭാവിക മരണത്തിന് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഷയുടെ പിതാവ് ഉള്‍പ്പെടെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആത്മഹത്യയാണെന്ന ഉറപ്പിലാണ് കുടുംബം. തിങ്കളാഴ്ച വൈകീട്ട് വരെ മകളുമായി സംസാരിച്ചിരുന്നുവെന്നും ദമ്പതികള്‍ക്കിടെയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന നിലപാടിലാണ് പോലീസ്.
വിദേശത്തായിരുന്ന ഉല്ലാസ് മകന്റെ പിറന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. തിങ്കളാഴ്ച മകന്റെ പിറന്നാളിനോടനുബന്ധിച്ച് താരം ഫെയ്സ്ബുക്കിലും പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് നിഷയുടെ മരണം. അടുത്തിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനാണ് ഉല്ലാസ് പന്തളം. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോകളിലും അദ്ദേഹം സജീവ സാന്നിധ്യമാണ്.