റിയാദ്: കൊറോണ ഭീതി ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ ഉംറ തീർത്ഥാടനം നിർത്തിവെച്ചു. ഇറാനിലടക്കം കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം. ഉംറ തീർത്ഥാടനം താത്കാലികമായി നിര്‍ത്തിവെച്ചതായി സൗദി വിദേശകാര്യമന്ത്രാലയമാണ് അറിയിച്ചത്. ഇതിനെതുടര്‍ന്ന് ഉംറ യാത്രയ്ക്കായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ത്ഥാടകരെ മടക്കിഅയച്ചിട്ടുണ്ട്.
ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. ഗള്‍ഫിലാകെ ഇതുവരെ 211 പേര്‍ക്ക് കൊറോണ ബാധയേറ്റതായാണ് വിവരം. ഇറാനില്‍ നിന്നെത്തിയവരോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ് മദ്ധ്യപൂര്‍വദേശത്തെ മറ്റ് രാജ്യങ്ങളില്‍ രോഗികളായവരില്‍ അധികവുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇറാനുമായുള്ള ബന്ധം കുറയ്ക്കാനും ഇറാനില്‍ നിന്ന് എത്തുന്നവരെ നിയന്ത്രിക്കാനുമുള്ള ശ്രമത്തിലുമാണ് മറ്റ് രാജ്യങ്ങള്‍.
ഇറാനില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങള്‍ക്കും കാര്‍ഗോ വിമാനങ്ങള്‍ക്കും യുഎഇ ഒരാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ ഇറാനിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഡെപ്യൂട്ടി ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ഇറാനില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമല്ലെന്ന വിലയിരുത്തലുകളുമുണ്ട്. ഇറാനില്‍ ഇതുവരെ 139 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 19 മരണങ്ങളാണ് ബുധനാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അതേസമയം ശരിയായ വിവരങ്ങള്‍ ഇറാന്‍ പുറത്തുവിടുന്നില്ലെന്ന ആക്ഷേപങ്ങളുമുണ്ട്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇറാന്‍ മറച്ചുവെയ്ക്കുന്നതായി സംശയമുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചിരുന്നു. യുഎഇയില്‍ 13 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ ഇതിനോടകം തന്നെ സുഖംപ്രാപിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയലത്തിന്റെ കണക്കുകള്‍ പ്രകാരം ബുധനാഴ്ച വരെ രാജ്യത്ത് 25 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. പുതിയതായി 13 കേസുകളാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ബഹ്റൈനില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച 26 പേരും ഇറാനില്‍ നിന്ന് എത്തിയവരാണ്. ഫെബ്രുവരി മാസത്തില്‍ ഇറാന്‍ സന്ദര്‍ശിച്ചവരെല്ലാം സ്വമേധയാ പരിശോധനയ്ക്ക് തയ്യാറാവണമെന്ന് ബഹ്റൈന്‍ അധികൃതര്‍ അറിയിച്ചു. ഒമാനില്‍ പുതിയ രണ്ട് കേസുകള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാഖില്‍ നജഫില്‍ ഒരാള്‍ക്കും കിര്‍കുക്കില്‍ നാല് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈനയില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് ഇറാഖ് അനിശ്ചിതകാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തായ്‍ലന്റ്, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറ്റലി, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇറാഖില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. അടുത്തിടെ ഇറാന്‍ സന്ദര്‍ശിച്ച എണ്ണായിരത്തിലധികം പേരെ പരിശോധനകള്‍ക്ക് വിധേയമാക്കിയതായി ഇറാഖ് അധികൃതര്‍ അറിയിച്ചു. ഇറാഖിലെ ചില പ്രദേശങ്ങളില്‍ സ്കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും 10 ദിവസത്തെ അവധി നല്‍കിയിട്ടുണ്ട്. ഈജിപ്ത്, ലെബനോന്‍ എന്നീ രാജ്യങ്ങളിലും ഓരോരുത്തര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു