കൊച്ചി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായി (യു.എൻ.എ) ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിലെ ഒന്നാം പ്രതിയും അസോസിയേഷൻ ദേശീയ പ്രസിഡൻറുമായ ജാസ്‌മിൻ ഷാ അടക്കം നാല് പ്രതികളുടെ മുൻകൂർ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി.
അതേസമയം മറ്റ് മുന്ന് പേർക്ക് ജസ്റ്റിസ് സുനിൽ തോമസ് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജാസ്മിൻ ഷായെ കൂടാതെ യു.എൻ.എ സംസ്ഥാന സമിതിയംഗവും രണ്ടാം പ്രതിയുമായ ഷോബി ജോസഫ്, ഒന്നാം പ്രതിയുടെ ഡ്രൈവർ നിതിൻ മോഹൻ, ഓഫീസ് ജീവനക്കാരൻ പി.ഡി ജിത്തു എന്നിവരുടെ മുൻകൂർ ജാമ്യ അേപക്ഷകളാണ് തള്ളിയത്. സംസ്ഥാന സെക്രട്ടറി സുജനപാൽ, ട്രഷറർ വിപിൻ എം. പോൾ, എം. വി സുധീർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
ഗൗരവമുള്ള തട്ടിപ്പിന് നേതൃത്വം നൽകിയവരെന്ന നിലയിൽ കേസുമായി ബന്ധപ്പെട്ട വസ്തുതകൾ വിലയിരുത്തിയാണ് നാല് പ്രതികൾക്ക് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. മറ്റ് മൂന്നുപേർക്കുമെതിരെ ഗൗരവമുള്ള കുറ്റകൃത്യം വെളിപ്പെട്ടിട്ടില്ലെന്ന് വിലയിരുത്തിയ കോടതി അവർക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായരുന്നു. ഇവർ മൂന്ന് പേരും പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണം. ചോദ്യം ചെയ്യലും തെളിവുകൾ കണ്ടെടുക്കലും മറ്റും പൂർത്തിയായാൽ 70000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റ് രണ്ട് പേരുടേയും ജാമ്യ ബോണ്ടിന്റെ അടിസ്ഥാനത്തിൽ വിട്ടയക്കാം.
സാക്ഷികളേയോ പരാതിക്കാരനേയോ ഭീഷണിപ്പെടുത്തരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പാൾ ഹാജരാവണം, അന്വേഷണവുമായി സഹകരിക്കണം, കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികൾ. ഏപ്രിൽ 2017 മുതൽ 2019 ജനുവരി വരെ ക്രിമിനൽ ഗൂഡാലോചന നടത്തി രേഖകൾ കൃത്രിമ രേഖയുണ്ടാക്കിയും വ്യാജമായി ചമച്ചും മറ്റുള്ളവർക്ക് പണം നൽകിയതായി കാണിച്ച് മൂന്നര കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രതികൾക്കെതിരായ ആരോപണം. സാമ്പത്തിക ക്രമക്കേട്, വിശ്വാസ വഞ്ചന, ചതി തുടങ്ങിയ വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്.
സംഘടനയുടെ വൈസ് പ്രസിഡന്റ് 2019 മാർച്ച് 14നും ഏപ്രിൽ 11നും ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ളതാണ് കേസ്. സംഘടനയിൽ നിന്ന് പുറത്താക്കിയ മുൻ വൈസ് പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തതെന്നും സംഘടനയുടെ പണം കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്നും ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. സ്വകാര്യ മേഖലയിലെ നഴ്സുമാരെ സംഘടിപ്പിച്ച് സംഘടനയുണ്ടാക്കിയതിൽ വൈരാഗ്യമുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളും സ്വകാര്യ ആശുപത്രി മാനേജ്മെൻറുകളുമാണ് പരാതിക്കാരനെ സ്വാധീനിച്ച് കേസുണ്ടാക്കിയതെന്നും ഹരജിക്കാർ വാദിച്ചു.
എന്നാൽ സംഘടനയുടെ മൂന്ന് അക്കൗണ്ടുകളിൽ നിന്ന് അനധികൃതമായി ലക്ഷങ്ങൾ പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളതായി പ്രോസിക്യുഷൻ ചൂണ്ടിക്കാട്ടി. സംഘടനയുമായി ബന്ധമില്ലാത്ത ദേശീയ പ്രസിഡന്റിന്റെ ഭാര്യയുടേയും ഡ്രൈവറുടേയുമടക്കം പേരിൽ സംഘടനയുടെ പണം ഉപയോഗിച്ച് വാഹനങ്ങളും ഫ്ലാറ്റും വാങ്ങിയതായും ഇവരടക്കം മറ്റ് പലരുടേയും അക്കൗണ്ടുകളിലേക്ക് പണം എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി വാങ്ങൽ ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച് പരാതിയുണ്ടായ ശേഷം 2019 ഏപ്രിൽ 28 മുതൽ മെയ് 15 വരെയുള്ള രജിസ്റ്ററുകൾ കാണാതായത് സംബന്ധിച്ചും സംശയം നിലനിൽക്കുന്നു. പ്രാഥമികാന്വേഷണം നടത്തിയ സംഘം തുടരന്വേഷണം നിർദേശിച്ചിട്ടുണ്ട്.
ജാസ്മിൻ ഷാ അടക്കം മൂന്ന് പ്രതികൾ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം നടത്താനാണ് ഉത്തരവുണ്ടായത്. അങ്ങിനെയാണ് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നത്. ഇടപാടുകളിൽ സംശയം നിലനിൽക്കുന്നതിനാൽ പ്രധാന പ്രതികളെ ചോദ്യംചെയ്താലേ സത്യം പുറത്തുവരൂവെന്ന് പ്രോസിക്യുഷൻ വ്യക്തമാക്കി.
പ്രധാന പ്രതികൾ ഒളിവിലാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഒന്ന് മുതൽ നാല് വെര പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. സംഘടനയുടെ ചട്ടപ്രകാരമുള്ള ഓഡിറ്റിംഗ് നടന്നിട്ടില്ലെന്ന് ജില്ലാ രജിസ്ട്രാറും വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രധാന പ്രതികൾക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്