പന്തളം : പന്തളം നഗരഹൃദയത്തിലൂടെ ഒഴുകുന്ന പന്തളം കുറുന്തോട്ടയം തോടിന്റെ ഇരു കരയിലും അനധികൃത കെട്ടിട നിർമാണം വ്യാപകമായി. കൈയേറ്റം ഒഴിപ്പിക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം പ്രഹസനമായി. കൈയേറ്റം തടസ്സമില്ലാതെ തുടരുമ്പോൾ നടപടി സ്വീകരിക്കാൻ നഗരസഭ അധികൃതർ മടിക്കുകയാണ്. കൈയേറ്റം പൂർണമായി ഒഴിവാക്കുമെന്നു പലതവണ നഗരസഭ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജനപ്രതിനിധികൾ, നഗരസഭ, റവന്യൂ, പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകൾ ചേർന്നു വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. കൈയേറ്റം നടത്തിയ ചിലർക്കു നോട്ടീസ് നൽകിയെങ്കിലും തുടർനടപടി പ്രഹസനമായി. ജനപ്രതിനിധികളിൽ ചിലർ കൈയേറ്റക്കാരെ പിന്തുണക്കുന്നതിനാൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നതിൽനിന്ന് പിന്നോക്കം പോയെന്നാണ് ആക്ഷേപം. ഒഴിപ്പിക്കൽ നടപടി നിലച്ചതിനു പിന്നാലെ വിവിധ സ്ഥലങ്ങളിൽ കൈയേറ്റം വർധിച്ചു.
പന്തളം ജംഗ്ഷന് സമീപം റോഡിന്റെ ഒരുഭാഗം പൂർണമായും കൈയേറി വ്യക്തികൾ ഉപയോഗിക്കുന്നതിനു പിന്നാലെ ഈ ഭാഗത്തു സ്ഥിരം നിർമാണം ആരംഭിച്ചിട്ടും നഗരസഭ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു. നഗരത്തിലെ കൈയേറ്റം, നിർമാണം എന്നിവക്കെതിരെ നടപടി വൈകുകയാണ്. ഒറ്റപ്പെട്ട കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ വലിയ രീതിയിൽ ആഘോഷിച്ച നഗരസഭ കൺമുന്നിലെ കൈയേറ്റങ്ങൾ കാണാത്ത മട്ടാണ്. മുൻ നഗരസഭ സെക്രട്ടറി പന്തളത്ത് വിവിധ ഭാഗങ്ങളിലായി ഒമ്പത് കെട്ടിടങ്ങൾ അനധികൃതമാണെന്ന് കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. വയലുകളും പുറമ്പോക്കികളും കൈയേറി കെട്ടിടങ്ങൾ നിർമിച്ച് അന്തർസംസ്ഥാന തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് പല കെട്ടിട ഉടമകളും. ഇവർക്കെതിരെയും നഗരസഭ നടപടി സ്വീകരിക്കുന്നില്ല.