വൃന്ദാവനം: വനാതിർത്തിക്ക് പുറത്തുള്ള കൈവശ കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകണമെന്ന് സി.പി.ഐ കൊറ്റനാട് ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെരുമ്പെട്ടി മേഖലയിലെ വനാതിര്‍ത്തിയോടു ചേര്‍ന്ന് പട്ടയ സമരം തുടങ്ങിയിട്ട് നാളുകളായി. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തല ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല. കേന്ദ്ര വനം നിയമങ്ങളാണ് ഇതിന് തടസം. ഉപ്പോലി, ചാന്തോലി, ചക്കാനില്‍, കാവുംപടി, ചരിവുകാലായില്‍, അത്യാല്‍, വെള്ളയില്‍ എന്നീ പ്രദേശങ്ങളിലും സമാന പ്രശ്നങ്ങള്‍ നേരിടുകയാണ്. ഡിജിറ്റല്‍ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ വനത്തിന്റെയും കൈവശഭൂമിയുടെയും റവന്യു രേഖകളിലെ പിശക് തിരുത്തി കൈവശകർഷകർക്കു 1964 ലെ നിയമം അനുസരിച്ച് പട്ടയം നൽകുക എന്നാണ് ആവശ്യം.
സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ഡി സജി ഉദ്ഘാടനം ചെയ്തു. കെ. എസ് ശ്രീജിത്ത്, ബീനാ അനില്‍, കെ രാജന്‍കുട്ടി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ സതീഷ്, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ, മണ്ഡലം കമ്മറ്റിയംഗങ്ങളായ പ്രകാശ് പി.സാം, ഷിബു ലൂക്കോസ്, നവാസ്ഖാന്‍, പി.പി സോമന്‍, ശിവന്‍കുട്ടി നായര്‍, എം.ബി ബിജു, റോബി എബ്രഹാം, സി.കെ ജോമോന്‍, എലിസബത്ത് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിയായി അനില്‍ കേഴപ്ലാക്കല്‍, അസിസ്റ്റന്റ് സെക്രട്ടറിയായി കെ.എസ് ശ്രീജിത്ത് എന്നിവരെ തിരഞ്ഞെടുത്തു.