ചെന്നൈ : തമിഴ്നാട്ടിൽ കൊവിഡ് ഭേദമാകാത്ത രോഗികളെ ഡിസ്ചാർജ് ചെയ്ത് വില്ലുപുരം സർക്കാർ ആശുപത്രി. പ്രാഥമിക പരിശോധനാഫലം വന്ന ഉടൻ വിശദമായ ഫലത്തിന് കാത്തുനിൽക്കാതെ കൂട്ടത്തോടെ 26 രോഗികളെ ഡിസ്ചാർജ് ചെയ്ത ആശുപത്രിയ്ക്ക് സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണ്. വിശദപരിശോധനാ ഫലം വന്നപ്പോൾ ഡിസ്ചാർജ് ചെയ്തതിൽ നാല് പേർക്ക് കൊവിഡുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
കൊവിഡ് പരിശോധനയ്ക്കായി ആശുപത്രിയില്‍ ഐസൊലേഷനിലുണ്ടായിരുന്ന 26 പേരുടെ ഫലമാണ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ലാബുകള്‍ക്കും സ്വകാര്യ ലാബുകള്‍ക്കും കൊവിഡ് പരിശോധനയ്ക്ക് അനുമതിയുണ്ട്. വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ചത് ഒരു സ്വകാര്യ ലാബിലേക്കാണ്. ഇവിടെ നിന്ന് പ്രാഥമികമായി ലഭിച്ച ഫലം നെഗറ്റീവായിരുന്നു. ഇവരെയെല്ലാവരെയും ഇതോടെ രോഗമില്ലെന്ന് രേഖപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തു.
എന്നാല്‍ രണ്ടാമത്തെ വിശദമായ പരിശോധനാ ഫലം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇന്നലെ വൈകിട്ടോടെ രണ്ടാം പരിശോധനാ ഫലം വന്നു. ഇതില്‍ നാല് പേര്‍ക്ക് കൊവിഡുണ്ടെന്ന് കണ്ടെത്തി. ഇതോടെ ആരോഗ്യവകുപ്പും പോലീസും ചേര്‍ന്ന് നെട്ടോട്ടമായി. മൂന്ന് രോഗികളെ പോലീസ് കണ്ടെത്തി തിരികെ ഐസൊലേഷന്‍ വാര്‍ഡിലാക്കി. പക്ഷേ നാലാമന്റെ കാര്യത്തിലായിരുന്നു ബുദ്ധിമുട്ട്.
ദില്ലിയില്‍ നിന്ന് എത്തിയ ഒരു അതിഥിത്തൊഴിലാളി യായിരുന്നു ഇയാള്‍. ഇയാളെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അല്‍പം ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് നിലവില്‍ കാണാതായ അതിഥിത്തൊഴിലാളി. പോണ്ടിച്ചേരി സബ് ജയിലില്‍ ചില മോഷണക്കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് കഴിഞ്ഞിരുന്നയാളാണ് ഇയാള്‍. ഇയാളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇപ്പോള്‍.
എന്നാല്‍ 26 പേരെ ഒരുമിച്ച് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ സംഭവിച്ച ക്‌ളറിക്കല്‍ പിശക് മാത്രമാണിതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ രോഗം ഇല്ലെന്ന പൂര്‍ണസ്ഥിരീകരണമില്ലാതെ എങ്ങനെ ആളുകളെ പുറത്തുവിട്ടു എന്നതില്‍ വ്യക്തമായ ഒരു വിശദീകരണം ആരോഗ്യവകുപ്പിനില്ല. അതിഥിത്തൊഴിലാളി ഒളിവില്‍ പോയതാണെങ്കില്‍ ഇയാള്‍ ആര്‍ക്കെല്ലാം രോഗം നല്‍കിയേക്കാമെന്നത് ആരോഗ്യവകുപ്പിന് ചില്ലറ തലവേദനയല്ല ഉണ്ടാക്കുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലമാണ്, അതിര്‍ത്തി വിട്ട് ഇയാള്‍ എങ്ങും പോകാന്‍ സാധ്യതയില്ലെന്നാണ് സര്‍ക്കാരിന്റെയും പോലീസിന്റെയും കണക്ക് കൂട്ടല്‍.
തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം കുത്തനെയാണ് ഉയരുന്നത്. രോഗികളുടെ എണ്ണം 700 കടന്നു. ഏറ്റവുമൊടുവിലുള്ള കണക്ക് പ്രകാരം തമിഴ്‌നാട്ടില്‍ ആകെ 738 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് മാത്രം 48 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 42 പേര്‍ക്ക് നിസ്സാമുദ്ദീന്‍ ചടങ്ങുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ നിസ്സാമുദ്ദീനില്‍ നിന്ന് എത്തിയ വിദേശികളാണ്. തമിഴ്‌നാട്ടില്‍ ആകെയുള്ള 738 രോഗികളില്‍ 679 പേരും നിസ്സാമുദ്ദീനുമായി ബന്ധമുള്ളവരാണ്. തമിഴ്‌നാട്ടില്‍ ചെന്നൈയിലും കോയമ്പത്തൂരുമാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്.
ചെന്നൈയില്‍ രോഗം പടര്‍ന്നുപിടിച്ചതോടെ നഗരത്തിലെ 61 സ്ഥലങ്ങള്‍ രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് ഡോക്ടര്‍മാരുടെ സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. തമിഴ്‌നാട്ടില്‍ മരണം എട്ടായി. ചെന്നൈയില്‍ പല പ്രദേശങ്ങളിലും രോഗവ്യാപനത്തിന്റെ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുവെന്നാണ് ആശങ്ക. റോയപുരമാണ് ഏറ്റവും കുടുതല്‍ രോഗം ബാധിച്ച നഗരത്തിലെ ഭാഗം. ഇരുപത്തി രണ്ടു തെരുവുകള്‍ ഉള്‍പ്പടെ 61 സ്ഥലങ്ങള്‍ പൂര്‍ണമായിട്ടും അടച്ചുപൂട്ടി കണ്ടൈന്‍മെന്റ് സോണായി മാറ്റി. ആളുകളുടെ സഞ്ചാരം പൂര്‍ണമായിട്ടും തടഞ്ഞു. അവശ്യസാധനങ്ങള്‍ കോര്‍പ്പറേഷന്‍ വീട്ടിലെത്തിച്ച് നല്‍കും. ചെന്നൈയില്‍ മരിച്ച മൂന്ന് പേര്‍ക്ക് എങ്ങനെ കൊവിഡ് പകര്‍ന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
കൊവിഡ് സ്ഥിരീകരിച്ച മൂന്ന് ഡോക്ടര്‍മാരുടെ സഹപ്രവര്‍ത്തകരായ അമ്പതോളം പേരെ നിരീക്ഷണത്തിലാക്കി. ഇവര്‍ ചികിത്സിച്ച രോഗികളെ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു. വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ ഇഡ്‌ലി കച്ചവടം നടത്തിയിരുന്ന ആളാണ് ഇന്നലെ രാത്രി മരിച്ചത്. ഇയാള്‍ക്ക് എങ്ങനെ രോഗം പകര്‍ന്നുവെന്ന് വ്യക്തതയില്ല. ആശുപത്രിയില്‍ മറ്റു രോഗികള്‍ക്കൊപ്പമാണ് ഇയാളെ കടത്തിയിരുന്നതെന്നും പരാതി ഉയര്‍ന്നു. നിസ്സാമുദ്ദീനില്‍ നിന്നെത്തിയ 1630 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 961 ഫലങ്ങളും നെഗറ്റീവ് എന്നത് തമിഴകത്തിന് ആശ്വാസമായി.