ബംഗളൂരു : അധോലോക കുറ്റവാളി രവിപൂജാരിയെ ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും രവി പൂജാരിയുമായി അന്വേഷണ സംഘം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. കനത്ത സുരക്ഷയാണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. രാത്രി 7.45 ന്റെ എയര്‍ ഏഷ്യ വിമാനത്തിലാണ് സംഘം കൊച്ചിയിലെത്തുക.
പിന്നീട് രവി പൂജാരിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ രവി പൂജാരിയെ അറസ്റ്റ് ചെയ്യുന്നത്. കൊച്ചിയില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി.
2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.