പത്തനംതിട്ട : പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭൂഗർഭ കേബിൾ എത്തിക്കാനുള്ള നീക്കത്തിന് ശബരിമല ഉന്നതാധികാര സമിതിയുടെ അടുത്ത യോഗത്തിൽ അനുമതി ലഭിച്ചേക്കും. നിലവിലെ പാതയുടെ വശങ്ങളിൽ ഡക്ട് (കുഴൽ) സ്ഥാപിക്കാനുള്ള ദേവസ്വം ബോർഡിന്റെ നിലപാടിനാകും പ്രാധാന്യം. നിലവിലെ പാത കുഴിച്ച് കേബിൾ സ്ഥാപിക്കാം എന്നതുൾപ്പെടെയുള്ള കെഎസ്ഇബിയുടെ നിർദേശങ്ങൾ നിലവിലുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ അവ പരിഗണിക്കപ്പെടാൻ സാധ്യതയില്ല. കഴിഞ്ഞ ഉന്നതാധികാര സമിതി യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് മുന്നോട്ടുവെച്ച നിർദേശത്തിന് കെഎസ്ഇബി, പോലീസ് പ്രതിനിധികൾ അനുകൂല നിലപാടാണു സ്വീകരിച്ചത്.
പദ്ധതിയുടെ ചെലവ് നിർവഹണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അടുത്തഘട്ടത്തിലാകും ചർച്ച ചെയ്യുക. പമ്പയിൽ നിന്ന് മുകളിലേക്ക് 12 മീറ്റർ വീതിയിലാണ് വനഭൂമി ഉപയോഗിക്കാൻ അനുമതിയുള്ളത്. ഇതിനാൽ തന്നെ പാതയോടു ചേർന്ന് ഡക്ട് സ്ഥാപിക്കാൻ വനംവകുപ്പിന്റെ അനുമതി വേണ്ടി വരും. ഡക്ട് സ്ഥാപിക്കാൻ വനഭൂമിയുടെ ഉടമസ്ഥത വേണ്ടെന്നും പദ്ധതി നടപ്പാക്കാനുള്ള അനുമതി മതിയെന്നുമുള്ള നിലപാടിലാണ് ദേവസ്വം ബോർഡ്.