അടൂര്‍ : മണ്ണടി നിവാസികള്‍ കാട്ടുപന്നി ശല്യത്താല്‍ വലയുന്നു. ഓണക്കാലത്ത് നൂറുമേനി സ്വപ്‌നംകണ്ട കര്‍ഷകരുടെ കൃഷി കാട്ടുപന്നി നശിപ്പിച്ചിട്ട് രണ്ട് മാസം കഴിഞ്ഞതേയുള്ളൂ. ഒറ്റ രാത്രി കൊണ്ട് ലക്ഷങ്ങളുടെ നഷ്‌ടമാണ് മണ്ണടിയിലെ കര്‍ഷകര്‍ക്കുണ്ടായത്. വ്യാപക വിളനശീകരണത്തില്‍ നടപടി ഇല്ലാത്തത് കൃഷിക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വാഴ, മരച്ചീനി, കൃഷിയുമായി ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും കൃഷി ഉപേക്ഷിക്കേണ്ട സ്‌ഥിതിയിലാണെന്നും മുതിര്‍ന്ന കര്‍ഷകനായ പഴയകാലായില്‍ പി.കെ വാസുദേവന്‍നായര്‍ പറഞ്ഞു. കൃഷിയില്‍നിന്നു വരുമാനമുണ്ടാക്കാന്‍ വായ്‌പയെടുത്ത് വാഴ, മരച്ചീനി കൃഷി ചെയ്‌തവര്‍ നിരാശയിലാണ്.
വിളവെടുപ്പ് സമയം ആകുമ്പോള്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ഏലകളില്‍ ഇറങ്ങി ചവിട്ടിമെതിച്ച് ഏക്കര്‍കണക്കിനുള്ള കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നു. പരാതി അധികൃതരെ അറിയിച്ചെങ്കിലും നടപടിയില്ല. കടമ്പനാട് പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷിയും വാഴ, മരച്ചീനി, ചേന, ചേമ്പ്, കാച്ചില്‍, ചീര , പച്ചക്കറികള്‍ തുടങ്ങിയ കൃഷിയുള്ള മണക്കണ്ടം, മണിച്ചേരി, താഴത്തുവയല്‍, മുട്ടുവാതുക്കല്‍ ഏലകളിലെയും, കന്നിമല, ഒഴുകുപാറ, ദേശക്കല്ലുംമൂട്, കരിമ്പിയില്‍പ്പടി, പള്ളീനഴികത്ത് പടി, തോണ്ടലില്‍പ്പടി, പുള്ളിപ്പാറ, ചാമേകുന്നില്‍ പ്രദേശത്തെ കരകൃഷിക്കാരുമാണ് കാട്ടുപന്നി ഉള്‍പ്പെടെ വിവിധ പ്രശ്‌നങ്ങളില്‍ വലയുന്നത്. പ്രതികൂല കാലാവസ്‌ഥയും വര്‍ധിച്ച കൂലിയും എല്ലാം കര്‍ഷകരെ കൃഷിയില്‍ നിന്നും പിന്തിരിപ്പിക്കുന്നു. ഏറത്ത് പഞ്ചായത്തിനോട് അതിര്‍ത്തിപങ്കുവെയ്‌ക്കുന്ന കന്നിമല, ഒഴുകുപാറ പ്രദേശങ്ങളിലെ കാടുകയറിയ സ്വകാര്യ പുരയിടങ്ങള്‍ എന്നിവിടങ്ങളിലാണ് കാട്ടു പന്നികള്‍ തമ്പടിക്കുന്നത്. പഞ്ചായത്ത് വനം വകുപ്പിന്റെ സഹായത്തോടെ കാട്ടുപന്നിയെ വെടിവയ്‌ക്കാന്‍ സംവിധാനമൊരുക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് അവിനാഷ് പള്ളിനഴികത്ത് ആവശ്യപ്പെട്ടു.