മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ റെവ്ദണ്ട തീരത്തിന് സമീപം സംശയാസ്പദമായ ബോട്ട് കണ്ടെത്തിയതിനെത്തുടർന്ന് സുരക്ഷ ശക്തമാക്കി പോലീസ്. റെവ്ദണ്ടയിലെ കോർലായ് തീരത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ട് കണ്ടതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രഥമദൃഷ്ട്യാ, കപ്പലിൽ മറ്റൊരു രാജ്യത്തിന്റെ അടയാളങ്ങൾ ഉള്ളതായി സംശയിക്കുന്നു. പാക് ബോട്ടാണെന്നും സംശയിക്കുന്നു. മുന്നറിയിപ്പിനെ തുടർന്ന് റായ്ഗഡ് പോലീസ്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (ബിഡിഡിഎസ്), ക്വിക്ക് റെസ്‌പോൺസ് ടീം (ക്യുആർടി), നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തെത്തി.
കനത്ത മഴയും ശക്തമായ കാറ്റും കാരണം ബോട്ടിലെത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. ഒരു ബാർജ് ഉപയോഗിച്ച് ബോട്ടിനടുത്തേക്ക് അടുക്കാൻ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം തിരികെ പോകേണ്ടിവന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത് വലിയൊരു പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും മുൻകരുതൽ നടപടിയായി ജില്ലയിലെ മൊത്തത്തിലുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പരിശോധന നടത്താരുങ്ങുകയാണ് കോസ്റ്റ് ഗാർഡ്.