ഇംഫാല്‍: അജ്ഞാത ഡ്രോണുകള്‍ വ്യോമാതിര്‍ത്തിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇംഫാലിലെ ബിര്‍ തികെന്ദ്രജിത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാൻ ഉത്തരവിട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് അജ്ഞാത ഡ്രോണ്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് ഇംഫാലില്‍ നിന്ന് പുറപ്പെടേണ്ട ചില വിമാനങ്ങള്‍ റദ്ദാക്കി. മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇംഫാലിലേക്ക് പുറപ്പെട്ട വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മണിപ്പൂര്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നവംബര്‍ 23 വരെ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം ഉണ്ടായത്.
കഴിഞ്ഞ മേയ് മുതല്‍ രാജ്യത്തെ പോലും ഞെട്ടിച്ച കലാപത്തിനാണ് മണിപ്പൂര്‍ സാക്ഷിയായത്. മേയ് മൂന്നിനാണ് മണിപ്പൂരില്‍ മലനിരകളില്‍ താമസിക്കുന്ന കുക്കി വിഭാഗക്കാരും താഴ്വരയിലെ മെയ്തി വിഭാഗവും തമ്മില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. മണിപ്പൂരില്‍ മെയ്തി ഗോത്രത്തില്‍പ്പെട്ട സമതലപ്രദേശക്കാരും കുക്കി, നാഗ ഗോത്രങ്ങളില്‍ നിന്നുള്ള മലയോര ജനതയും തമ്മിലുള്ള തര്‍ക്കമാണ് പ്രധാന കാരണം. മെയ്തികള്‍ക്ക് പട്ടികവര്‍ഗപദവി നല്‍കാൻ മണിപ്പൂര്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞതാണ് സംസ്ഥാനത്ത് കലാപത്തിന് തിരികൊളുത്തിയത്. തങ്ങള്‍ക്കുള്ള പട്ടികവര്‍ഗ സംവരണത്തെ ഇതു ബാധിക്കുമെന്ന് കുക്കികളും നാഗവിഭാഗക്കാരും ഭയന്നു.
സംസ്ഥാനത്തെ ജനസംഖ്യയില്‍ ഏതാണ്ട് 60 ശതമാനത്തോളം സമതലങ്ങളില്‍ താമസിക്കുന്ന മെയ്തി വിഭാഗമാണ്. ഇതിലേറെയും ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരും. ഭൂരിഭാഗം കുക്കികളും ബ്രിട്ടീഷ് ഭരണകാലത്ത് അമേരിക്കൻ ബാപ്റ്റിസ്റ്റ് മിഷനറിമാരുടെ സ്വാധീനത്തില്‍ ക്രിസ്ത്യൻ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്. പോപ്പി(ലഹരി മരുന്ന്) കൃഷിയിലൂടെ വൻതോതില്‍ പണമുണ്ടാക്കുന്ന കുക്കികള്‍ മയക്കുമരുന്ന് വിപണനം പ്രോത്സാഹിപ്പിക്കുന്നുവെന്നും മ്യാൻമാറിലെ ഭീകര സംഘടനകളുടെ മറവില്‍ ചൈനയുടെ സഹായം പറ്റുന്നുവെന്നും മെയ്തികള്‍ ആരോപിച്ചിരുന്നു.