പാലാ : രാജ്യത്ത് ഇൻഫർമേഷൻ ടെക്നോളജി പഠനത്തിനായി കൂടുതൽ വിദ്യാർത്ഥികൾ ഇഷ്ടപ്പെടുന്ന പാലാ വലവൂർ ഹിൽസിലെ ട്രിപ്പിൾ ഐ.ടി ക്യാമ്പസിലേക്ക് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ നാളെ എത്തും. ദേശീയ പ്രാധാന്യമുള്ള ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നടത്തുന്ന ആറാമത് ബിരുദധാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായാണ് നിർമ്മല സീതാരാമൻ എത്തുന്നത്. കേന്ദ്ര ധനകാര്യ മന്ത്രിയുടെ പാലാ സന്ദർശനത്തെ സ്വാഗതം ചെയ്ത് ജോസ് കെ മാണി എം പി. ഇത് അഭിമാന നിമിഷമെന്ന് അദ്ദേഹം പറഞ്ഞു. പാലായെ രാജ്യത്തിന് പരിചയപ്പെടുത്തിയ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഈ സ്ഥാപനത്തിൻ്റെ ദേശീയ പ്രാധാന്യമാണ് കേന്ദ്ര ധനകാര്യ മന്ത്രിയുടെ സന്ദർശനത്തിലൂടെ വിളിച്ചറിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ട്രിപ്പിൾ ഐ.ടി ക്യാമ്പസിലെത്തി അധികൃതരുമായി അദ്ദേഹം ചർച്ച ചെയ്യുകയും ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു. രാജ്യത്ത് നിലവിലിലുള്ള ട്രിപ്പിൾ ഐ.ടി കളിൽ ചുരുങ്ങിയ സമയം കൊണ്ട് വലിയ മുന്നേറ്റം നടത്തുവാൻ ഈ ക്യാമ്പസിന് കഴിഞ്ഞിരിക്കുന്നതിൽ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. 55 ഏക്കറിലായി വിശാലമായ രണ്ട് അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കുകളും 1700 വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റൽ സൗകര്യവും ഇവിടെ ഉണ്ട്. നാളെ നടക്കുന്ന ചടങ്ങിൽ 217 ഡിഗ്രി ബിരുദധാരികൾക്കും 55 പോസ്റ്റ് ഗ്രാജ്വേറ്റുകൾക്കും 5 ഗവേഷണ വിദ്യാർത്ഥികൾക്കും കേന്ദ്ര മന്ത്രി ബിരുദം സമ്മാനിക്കും. 2015-ൽ 30 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ സ്ഥാപനത്തിൽ ആദ്യവർഷ ഡിഗ്രി പഠനത്തിനായി 550 വിദ്യാർത്ഥികളാണുള്ളത്. 1700-ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.