കൊച്ചി: കടൽ പായൽ കൃഷി തീരദേശ ജനതക്ക് മികച്ച വരുമാന മാർഗമാണെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. കടൽപായൽ കൃഷിയിലൂടെ തമിഴ്നാട്ടിലെ വനിതാ കർഷക സംഘങ്ങൾക്ക് വരുമാനത്തിൽ ഗണ്യമായ വർധനവുണ്ടായെന്നും മന്ത്രി പറഞ്ഞു. ലക്ഷദ്വീപിലെ കവരത്തിയിൽ സിഎംഎഫ്ആർഐയുടെ കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിച്ച വിക്സിത് കൃഷി സങ്കൽപ് ക്യാമ്പയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകർ, മത്സ്യത്തൊഴിലാളികൾ, കേന്ദ്ര സർക്കാറിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾ എന്നിവരുമായി മന്ത്രി ആശയവിനിമയം നടത്തി.
ലക്ഷദ്വീപ് കടൽപ്പായൽ കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. ‘കടൽപ്പായൽ ക്ലസ്റ്റർ’ ആയി കേന്ദ്ര സർക്കാർ ലക്ഷദ്വീപിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ നീക്കം മേഖലയിലുടനീളം കടൽപ്പായൽ കൃഷിയുടെ വികസനവും അതിന്റെ ഉപയോഗവും കൂട്ടാൻ സഹായിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ദ്വീപുകാർക്കിടയിൽ കടൽപായൽ കൃഷി ജനകീയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച സിഎംഎഫ്ആർഐയും കെവികെയും മന്ത്രി അഭിനന്ദിച്ചു. ലക്ഷദ്വീപ് കെവികെയെ ഇന്ത്യയിലെ ഏറ്റവും മികച്ചതായി ഈയിടെ തിരഞ്ഞെടുത്തിരുന്നു. കടൽപ്പായൽ കൃഷി മാത്രമല്ല, മത്സ്യബന്ധനം, തെങ്ങ് കൃഷി, ടൂറിസം എന്നിവക്കും ലക്ഷദ്വീപിന്റെ സമ്പദ്ഘടനയിൽ സുപ്രധാന പങ്കുണ്ട്. ആഴക്കടൽ മത്സ്യബന്ധനരംഗത്ത് മികച്ച സാധ്യതയാണ് ഈ മേഖല. ഇത് പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ പൂർണ പിന്തുണ നൽകും. ലക്ഷദ്വീപിലെ പ്രധാനയിനമായ ചൂരമത്സ്യബന്ധനം ശക്തിപ്പെടുത്തും. മത്സ്യബന്ധനത്തിനൊപ്പം തന്നെ തത്സമയ സംസ്കരണത്തിന് കൂടി അവസരമൊരുക്കുന്ന സൗകര്യങ്ങളുള്ള യാനങ്ങൾ വികസിപ്പിക്കും. ഇത് ലക്ഷദ്വീപ് ചൂരയുടെ വിപണി മൂല്യം വർധിപ്പിക്കാൻ വഴിയൊരുക്കുമെന്നും മന്തി ജോർജ് കുര്യൻ പറഞ്ഞു.
കൃഷിയിലും അനുബന്ധ മേഖലകളിലുമുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് കർഷകരെ ബോധവൽക്കരിക്കുകയാണ് വിക്സിത് കൃഷി സങ്കൽപ്പ് അഭിയാനിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. സിഎംഎഫ്ആർഐ കവരത്തിയിൽ സ്ഥാപിച്ച സമുദ്ര അലങ്കാര മത്സ്യ ഹാച്ചറി മന്ത്രി സന്ദർശിച്ചു. സമുദ്രമത്സ്യ മേഖലയിലെ ഗവേഷണ വികസന സംരംഭങ്ങൾക്കായി സിഎംഎഫ്ആർഐയുടെ ഫീൽഡ് ലാബ് ലക്ഷദ്വീപിൽ പ്രവർത്തിക്കുന്നുണ്ട്. കർഷകർക്കുള്ള ചെറുകിട യന്ത്രങ്ങളും ഉപകരണങ്ങളും മന്ത്രി വിതരണം ചെയ്തു. സിഎംഎഫ്ആർഐയുടെ കെവികെ-ലക്ഷദ്വീപിപ് മേധാവി ഡോ പി എൻ. ആനന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. കളക്ടർ ഡോ. ഗിരി ശങ്കർ ഐ എ എസ്, ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള കൃഷി സെക്രട്ടറി രാജ് തിലകും സംസാരിച്ചു.