പത്തനംതിട്ട : നീണ്ട 11 വര്‍ഷക്കാലം പോപ്പുലര്‍ ഫിനാന്‍സിന്റെ നെടുംതൂണും സൂത്രധാരനുമായിരുന്ന ജോര്‍ജ്ജ് ചെറിയാനും തുടങ്ങി മറ്റൊരു ധനകാര്യ സ്ഥാപനം. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനു സമീപം കുന്നിത്തോട്ടത്തില്‍ പ്ലാസായില്‍ കഴിഞ്ഞ ആഗസ്റ്റ് 20 ന് കേന്ദ്ര ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പേ വിവിധ ജില്ലകളിലായി ഒന്‍പത് ബ്രാഞ്ചുകള്‍ തുറന്നു. യുണൈറ്റഡ് കൈരളി ഫിൻ കോർപ്പ് എന്ന സ്ഥാപനത്തില്‍ തുടക്കത്തില്‍ തന്നെ നാല്‍പ്പതോളം ജീവനക്കാരുണ്ട്. വിശാലവും ആഡംബര പൂര്‍വവുമായ ഓഫീസാണ് ഇവര്‍ തുറന്നിരിക്കുന്നത്.
പോപ്പുലര്‍ തട്ടിപ്പ് വാര്‍ത്തകള്‍ക്കിടയില്‍ ഈ സ്ഥാപനവും ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ദീര്‍ഘനാള്‍ പോപ്പുലര്‍ സ്ഥാപനങ്ങളെ നയിച്ച ജോര്‍ജ്ജ് ചെറിയാനെതിരെ നിരവധി സാമ്പത്തിക ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ജോര്‍ജ്ജ് ചെറിയാന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്. പോപ്പുലര്‍ തട്ടിപ്പ് അന്വേഷണ പരിധിയില്‍ ഈ സ്ഥാപനവും ഉടമ ജോര്‍ജ്ജ് ചെറിയാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
നിലവില്‍ പാര്‍ട്ട്ണര്‍ ഷിപ്പ് സ്ഥാപനമാണ് യുണൈറ്റഡ് കൈരളി ഫിൻ കോർപ്പ് എങ്കിലും സമീപ ഭാവിയില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി ആക്കുവാനാണ് ലക്‌ഷ്യം. പണയം സ്വീകരിക്കുവാന്‍ മാത്രമേ അനുവാദമുള്ളു എങ്കിലും ഇവിടെ നിക്ഷേപങ്ങള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് പ്രധാന ഉടമയായ ജോർജ്ജ് ചെറിയാൻ സമ്മതിക്കുന്നു. മറ്റ് സ്ഥാപനങ്ങളും ഇതുപോലെയാണ് ചെയ്യുന്നതെന്നും അതില്‍ തെറ്റൊന്നും ഇല്ലെന്നും അദ്ദേഹം വാദിക്കുന്നു.
2004 മുതല്‍ 2015 വരെയാണ് തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ്ജ് ചെറിയാന്‍ പോപ്പുലറിന്റെ ജനറല്‍ മാനേജരായി വകയാര്‍ ഹെഡ് ഓഫീസില്‍ ജോലി ചെയ്തിരുന്നത്. ചില തര്‍ക്കങ്ങളെ തുടര്‍ന്നാണ് പോപ്പുലറില്‍ നിന്നും ഇറങ്ങേണ്ടിവന്നത്. തുടര്‍ന്ന് 2016 മുതല്‍ 2020 മാര്‍ച്ച് വരെ തിരുവല്ലയിലെ നെടുംപറമ്പില്‍ കോർപ്പറേറ്റ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു. മാര്‍ച്ചില്‍ അവിടെനിന്നും പടിയിറങ്ങേണ്ടി വന്നപ്പോള്‍ 12 പ്രധാന ജീവനക്കാരെയും ഒപ്പം കൂട്ടി. തുടര്‍ന്നാണ് പത്തനംതിട്ടയില്‍ പുതിയ ധനകാര്യ സ്ഥാപനം തുടങ്ങിയത്. പത്തനംതിട്ടയിലെ പ്രധാനപ്പെട്ട ഒരുബാങ്കില്‍ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥനും ഇതിന്റെ പാര്‍ട്ട്നര്‍ ആണെന്നാണ് വിവരം.